ദില്ലി: ഇന്ത്യ ഇനിയും രോഗവ്യാപനത്തിന്‍റെ കൊടുമുടിയിലെത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേസുകളുടെ എണ്ണം ഇനിയും മുകളിലേക്ക് പോകാൻ തന്നെയാണ് സാധ്യതയെന്നാണ് ഇന്ന് വൈകിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിലും വ്യക്തമാകുന്നത്. ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ പ്രസ്താവന നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ തയ്യാറാകുന്നതിനിടെ, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നതായി കേന്ദ്രസർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആകെ മരണം 308 ആയി. കഴിഞ്ഞ 24 മണിക്കൂറിനകം 35 മരണം റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഏറ്റവുമൊടുവിൽ കേന്ദ്രസർക്കാർ പുറത്തുവിടുന്ന കണക്കനുസരിച്ച് ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 9152 ആണ്. ഇതിൽ ഇപ്പോഴും ചികിത്സയിലുള്ളത് 7987 പേരാണ്. ഇതുവരെ 856 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഒരാളെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. ആകെ രോഗബാധിതരിൽ 72 വിദേശ പൗരൻമാരുണ്ടെന്നും സർക്കാർ കണക്കുകൾ പറയുന്നു.

രോഗവ്യാപനത്തിന്‍റെ കൊടുമുടിയിലെത്തിയിട്ടില്ല ഇനിയും എന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ, കേസുകളുടെ എണ്ണം ഇനിയും കൂടുമെന്നർത്ഥം. ഏതെങ്കിലും രണ്ട് ദിവസത്തിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്‍റെ ശരാശരി കണക്കിൽ കുറവ് വരികയാണെങ്കിൽ മാത്രമേ, രോഗവ്യാപനത്തിന്‍റെ കൊടുമുടി പിന്നിട്ട്, പതുക്കെ രോഗികളുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് നമുക്ക് വിലയിരുത്താനാകൂ. 

കഴിഞ്ഞ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യപ്പെട്ട 35 മരണങ്ങളിൽ 22 എണ്ണം മഹാരാഷ്ട്രയിൽ നിന്നാണ്. 5 ദില്ലിയിൽ നിന്ന്, മൂന്ന് ഗുജറാത്തിൽ നിന്ന്, രണ്ട് പശ്ചിമബംഗാളിൽ നിന്ന്, ഓരോ മരണം വീതം തമിഴ്നാട്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന്.

അതേസമയം, ഇന്ത്യയിലേക്ക് ചൈന നൽകാമെന്ന് ഉറപ്പ് നൽകിയ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ ഏപ്രിൽ 15-ാം തീയതി എത്തുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അഥവാ ഐസിഎംആർ പ്രതിനിധി അറിയിച്ചു. നേരത്തേ ഇന്ത്യയിലേക്കുള്ള കിറ്റുകൾ ബെയ്ജിംഗിൽ നിന്ന് വാഷിംഗ്ടണിലേക്ക് അമേരിക്ക വഴിതിരിച്ച് വിട്ട് കൊണ്ടുപോയതായി ആരോപണമുയർന്നിരുന്നതാണ്.

റെംഡെസിവിർ ഫലപ്രദം?

കൊവിഡ് ചികിത്സയ്ക്കായി ആന്‍റി വൈറൽ മരുന്നായ റെംഡെസിവിർ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന തരത്തിലുള്ള പഠനങ്ങൾ വന്നിട്ടുണ്ടെന്ന് ഐസിഎംആർ സ്ഥിരീകരിക്കുന്നു. നിരീക്ഷണപഠനങ്ങളാണ്, ഇവയൊന്നും ക്ലിനിക്കൽ ആയി പരിശോധിക്കപ്പെട്ടതല്ല എന്ന മുന്നറിയിപ്പോടെയാണ്, ഈ മരുന്ന് ഇന്ത്യയിലും ഉപയോഗിച്ചേക്കാമെന്ന് ഐസിഎംആർ പറയുന്നത്. വെന്‍റിലേറ്ററുകളിൽ ഗുരുതരാവസ്ഥയിലുള്ള 68 ശതമാനം രോഗികളിലും റെംഡെസിവിർ എന്ന മരുന്ന് ഫലപ്രദമാണെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത് - എന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്. 

ഞായറാഴ്ച വരെ 2,06,212 കൊവിഡ് ടെസ്റ്റുകൾ ഇന്ത്യ നടത്തിയതായി ഐസിഎംആർ വ്യക്തമാക്കി. കൂടുതൽ ടെസ്റ്റുകൾ നടത്താൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. അടുത്ത ആറാഴ്ചത്തേയ്ക്ക് കൂടി ഇതേ രീതിയിൽ ടെസ്റ്റുകൾ നടത്താൻ ഇന്ത്യയുടെ പക്കൽ വേണ്ടത്ര കിറ്റുകളുണ്ടെന്നും ഐസിഎംആർ വ്യക്തമാക്കി.

അതേസമയം, അവശ്യവസ്തുക്കളല്ലാത്ത ചരക്ക് നീക്കത്തിനും അനുമതി നൽകിത്തുടങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വക്താവ് പുണ്യ സലില ശ്രീവാസ്തവ വ്യക്തമാക്കി. ''അവശ്യവസ്തുക്കൾ അല്ലാത്ത ചരക്ക് നീക്കത്തിനും അനുമതി നൽകും. അന്തർസംസ്ഥാന ചരക്ക് ട്രക്കുകളിൽ ഒരു ഡ്രൈവറും കൂടെ ഒരാളും കൂടി മാത്രമേ യാത്ര ചെയ്യാൻ അനുമതി നൽകൂ'', എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.