ദില്ലി: കൊവിഡ് വ്യാപനം അതിശക്തമായ രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 80,000 കടന്നു. ഇന്ന് മാത്രം 2948 പുതിയ കൊവിഡ് കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തത്. 

ഇന്ന് 66 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2500. ഔദ്യോഗിക കണക്ക് അനുസരിച്ച് 2558 പേരാണ് ദില്ലിയിൽ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. ദില്ലിയിലാകെ 28329 പേരാണ് നിലവിൽ കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. 49301 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 

അതേസമയം രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് കെയർ സെന്ററായ ദില്ലി ഛത്രപൂരിലെ സർദാർ പട്ടേൽ കൊവിഡ് കെയർ സെന്ററിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തി. പതിനായിരം കിടക്കളാണ് നിലവിൽ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യോ ടിബറ്റൻ അതിർത്തി പൊലീസിനാണ് സെന്ററിന്റെ നടത്തിപ്പ് ചുമതല.

രോഗലക്ഷണമുള്ള രോഗികൾക്കും രോഗം ലക്ഷണമില്ലാത്തവർക്കുമായി രണ്ട് വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കും ജൂലായ് ഏഴിന് സെന്റർ പൂർണ്ണമായി പ്രവർത്തനം തുടങ്ങും. ദില്ലിയിലെ ചികിത്സ രംഗത്തെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെന്റർ സ്ഥാപിച്ചത്. അമിത്ഷാക്കൊപ്പം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ഉന്നത ഉദ്യോഗസ്ഥർഅടക്കമുള്ളവരും സെന്റർ സന്ദർശനത്തിന് എത്തി.