ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനയ്യായിരത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 957 പേർ കൊവിഡ് ബാധിതതരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 36 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 488 ആയി.  

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഒട്ടാകെ 14,792 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 12,289 പേരാണ് ചികിത്സയില്‍ ഉള്ളത്. 2015 പേര്‍ രാജ്യത്താകെ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്ക് വ്യക്തമാക്കുന്നു.

അതേസമയം, ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിയെണ്ണൂറ് കടന്നു. ഇന്നലെ മാത്രം ദില്ലിയിൽ 186 പേർ രോഗബാധിതരായി. ദില്ലി ജഹാംഗീർ പുരിയിലെ ഒരു കുടുംബത്തിലെ 26 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ ജഗാംഗീർ പുരയിൽ തന്നെ പല വീടുകളായിട്ടാണ് താമസിച്ചിരുന്നത്.

ദില്ലി സർക്കാർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലത്താണ് സംഭവം. ഇവർ സാമൂഹിക അകലം അടക്കമുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചിരുന്നില്ലെന്ന് ദില്ലി സർക്കാർ അറിയിച്ചു. എംയിസിലെ നഴ്സിംഗ് ഓഫീസർക്കും ഒന്നര വയസ്സുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.