ദില്ലി: ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1106 പേ‍ർക്ക് രോഗം ബാധിച്ചു. ഒരു ദിവസം റിപ്പോ‍ർട്ട് ചെയ്‍ത ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതർ 17,386 ആയി. മരണ സംഖ്യ 398 ആയി ഉയര്‍ന്നു. ഒരു മാസത്തിനിടെയുണ്ടായ 69 മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകിയതാണ് മരണനിരക്കിൽ പെട്ടെന്ന് വർദ്ധനയുണ്ടാകാൻ കാരണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ആശങ്കപ്പെടേണ്ടതില്ലെന്നും രോഗമുക്തി 50 ശതമാനത്തിലെത്തിയത് നല്ല സൂചനയാണെന്നും സിസോദിയ പറഞ്ഞു.ഇതുവരെ 7846 പേർക്കാണ് രോഗം ഭേദമായത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ ആശുപത്രിയിൽ പോകേണ്ടതില്ല. എൺപത് ശതമാനം ആളുകൾക്കും വീടുകളിൽ നിരീക്ഷണത്തിൽ ഇരുന്ന് തന്നെ ഭേദമാകുന്നുണ്ടെന്നും സിസോദിയ പറഞ്ഞു.

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ പ്രതിദിന വര്‍ധനവ് ഏഴായിരം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 1,65,000 പിന്നിട്ടതോടെ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്‍പതാമതായി. ഒരാഴ്ചയായി ആറായിരത്തിന് മുകളിലായിരുന്നു രാജ്യത്തെ പുതിയ രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ വര്‍ധന 7500 ന് അടുത്തെത്തി. കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ദില്ലി സംസ്ഥാനങ്ങളിലെ രോഗബാധ നിരക്ക് കുത്തനെ ഉയരുകയാണ്.