കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 79 പേർക്ക് ഇതുവരെ രോഗം ഭേദമായി. അതേ സമയം കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 149 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ദില്ലി: രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. 873 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 79 പേർക്ക് ഇതുവരെ രോഗം ഭേദമായി. അതേ സമയം കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 149 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊവിഡ് രോഗം ബാധിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 5 പേർക്കാണ് ഇവിടെ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. 177 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ. 

രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശന കരുതൽ നടപടികളുമായി മുന്നോട്ട് പോകുകയാണ്. രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൌൺ അഞ്ചാം ദിവസത്തിലേക്ക് കടന്നു. ജനുവരി 18 നു ശേഷം വിദേശത്ത് നിന്ന് എത്തിയ 15 ലക്ഷത്തിൽ അധികം പേരെ നിരീക്ഷണത്തിൽ വയ്ക്കാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കൊവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. സ്ഥിതിഗതികൾ കൂടുതൽ വഷളായ കേരളം ,കർണ്ണാടക, തെലങ്കാന, രാജസ്ഥാൻ എന്നാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടാണ് ഫോണിൽ വിവരങ്ങൾ ആരാഞ്ഞത്.

Scroll to load tweet…

അതേ സമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ എല്ലാ ഗവര്‍ണര്‍മാരുമായും ലെഫ്. ഗവര്‍ണര്‍മാരുമായും വീഡിയോ കോണ്‍ഫറസിംഗിലൂടെ ചര്‍ച്ച നടത്തി എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വളൻ്റിയർമാരെ സജ്ജമാക്കാനും പ്രതിദിന നിരീക്ഷണം നടത്താനും സംസ്ഥാന ഗവർണർമാർക്ക് രാഷ്ട്രപതി നിർദേശം നൽകിയിട്ടുണ്ട്.