ദില്ലി: രാജ്യത്ത് 21 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കൂടുതൽ പ്രതിരോധ നടപടികളുമായി ആരോഗ്യ മന്ത്രാലയം. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ആശുപത്രികൾ ത്വരിതഗതിയിൽ യാഥാർത്ഥ്യമാക്കും.17 സംസ്ഥാനങ്ങൾ നടപടികൾ തുടങ്ങി കഴിഞ്ഞു. 194 പുതിയ കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു.

സംസ്ഥാനങ്ങളുടെ ചുമതല നൽകിയ കേന്ദ്ര മന്ത്രിമാരുമായി അമിത് ഷാ സംസാരിച്ചു. പ്രധാനമന്ത്രിയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ സംഭാവനകൾ എത്തി തുടങ്ങി. ബിസിസിഐ 51 കോടി രൂപ സംഭാവന നൽകി. ടാറ്റാ ഗ്രൂപ്പ് ഇന്നലെ 1500 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. 

അതേ സമയം ലോകത്ത് കൊവിഡ് മരണം 30,800 കടന്നു. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തി അറുപത്തിരണ്ടായിരത്തിലേറെയായി. ഇന്നലെ മാത്രം മൂവായിരത്തി അഞ്ഞൂറോളം പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ പേർ മരിച്ച ഇറ്റലിയിൽ മരണം 10,000 കടന്നു. ഒറ്റ ദിവസത്തിനിടെ മരിച്ചത് 889 പേർ ആണ്. അമേരിക്കയിൽ അതിവേഗം രോഗം പടരുകയാണ്. ഇന്നലെ മാത്രം പത്തൊന്പതിനായിരത്തിലേറെ പേർ രോഗികളായി. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തി ഇരുപത്തിമൂവായിരത്തിലേറെ വരും. മരണം 2200 കടന്നു.

സ്പെയിനിൽ ഇന്നലെ മരിച്ചത് 844 പേർ. ആകെ മരണം ആറായിരത്തിനടുത്തെത്തി. ജർമ്മനിയിൽ ഇന്നലെ 6824പേർ രോഗികളായി. ഫ്രാൻസിൽ 2300ലേറെ പേരും ഇറാനിൽ രണ്ടായിരത്തി അഞ്ഞൂറിലേറെ പേരും മരിച്ചു. ബ്രിട്ടനിൽ മരണം 1019 ആയി. രോഗബാധിതർ 17,000 കടന്നു. ബ്രിട്ടന്‍റെ സ്കോട്ടിഷ് സെക്രട്ടറി അലിസ്റ്റർ ജാക്ക് കൊവിഡുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണ്.