ചെന്നൈ:  തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരണം ആറായി. നിസാമുദ്ദിനില്‍ നിന്ന് തിരിച്ചെത്തിയ 48 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ വീടുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ ചടങ്ങ് നടത്തിയ വനിതാ പ്രഭാഷകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം കോട്ടയം സ്വദേശിയായ ഡോക്ടറും പത്ത് മാസം പ്രായമുള്ള കുട്ടിയും രോഗംഭേദമായി ആശുപത്രി വിട്ടു.

കഴിഞ്ഞ ഒന്നരആഴ്ചയായി കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മലയാളി ഡോക്ടറും പത്ത് മാസം പ്രായമായ കുട്ടിയും. ആരോഗ്യവകുപ്പിന്‍റെ ആംബുലന്‍സില്‍ ഇവര്‍ വീട്ടിലേക്ക് മടങ്ങി. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാളുമായി സമ്പര്‍ക്കമുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരനെ ചികിത്സച്ചതിലൂടെയാണ് കൊവിഡ് പകര്‍ന്നത്. 

രോഗബാധിതരുടെ എണ്ണം 621 ആയതോടെ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനമായി തമിഴ്നാട്.ചെന്നൈ സ്വദേശിയായ 57 വയസ്സുള്ള സ്ത്രീയാണ് ഇന്ന് മരണപ്പെട്ടത്. ശ്വാസതടസ്സവും പ്രമേഹവും ഉണ്ടായിരുന്നു. നിസാമുദ്ദീനിൽ നിന്നെത്തിയവരുടെ നീണ്ട സമ്പർക്കപ്പട്ടിക ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടയിലാണ് വനിതാ പ്രഭാഷകരും വിവിധയിടങ്ങളിലെ വീടുകളിൽ പ്രാർത്ഥനാ ചടങ്ങുകൾ നടത്തിയതായി കണ്ടെത്തിയത്.

മസ്ദൂറത് ജമാഅത്തിലെ വിദേശികൾ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകർ ദിവസങ്ങളോളമാണ് സംസ്ഥാനത്തുടനീളം വീടുകളിൽ കഴിഞ്ഞ് പ്രാർത്ഥനാ ചടങ്ങ് നടത്തിയത്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ഇവർ സമ്പർക്കം പുലർത്തിയിരുന്നു. രോഗവ്യാപന സാധ്യതയുള്ളതിനാല്‍ വീട്ടുകാരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് ശ്രമം. 

നിസ്സാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തി ഒളിവിലായിരുന്ന പത്ത് മലേഷ്യന്‍ സ്വദേശികള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായി. അതേസമയം പെട്ടന്നുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനം മോശമായ ആസൂത്രണമെന്ന് വിമര്‍ശിച്ച് കമല്‍ഹാസന്‍ രംഗത്തെത്തി. നോട്ട് റദ്ദാക്കലിന് ശേഷമുള്ള സാഹചര്യം ആവര്‍ത്തിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടികാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.