ലക്നൗ: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണ നടക്കുന്ന ലക്നൗവിലെ  പ്രത്യേക സി.ബി.ഐ കോടതി രണ്ട് ദിവസത്തേക്ക് അടച്ചു. 
രണ്ട് അഭിഭാഷകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് കോടതി അടച്ചത്. നാളെ മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എല്‍.കെ അദ്വാനിയുടെ മൊഴിയെടുക്കാന്‍ ഇരിക്കെയാണ് കൊവിഡ് ബാധയെ തുടർന്ന് കോടതി അടച്ചത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നത്.

അതിനിടെ, മാർച്ച് 26-ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻ്റെ ഭാ​ഗമായി കേന്ദ്രസർക്കാർ അൺലോക്ക് രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. വിവിധ മന്ത്രാലയങ്ങളുടേയും വിദ​ഗ്ദ്ധസമിതികളുടേയും ശുപാർശകളുടേയും നി‍ർദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് അൺലോക്ക് രണ്ടാം ഘട്ടത്തിൻ്റെ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിരിക്കുന്നത്. 

ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടഞ്ഞു കിടക്കും എന്നതാണ് നി‍ർണായക പ്രഖ്യാപനം. മെട്രോ സ‍ർവീസുകളും ഇക്കാലയളവിൽ ഉണ്ടാവില്ല. എന്നാൽ അഭ്യന്തര ട്രെയിൻ സ‍ർവ്വീസുകളും വിമാന സർവ്വീസുകളും കൂടുതൽ സജീവമാകും. അതേസമയം വന്ദേഭാരത് മിഷൻ കൂടാതെ ചാ‍ർട്ടേഡ് വിമാനങ്ങൾ മാത്രമായിരിക്കും വിദേശത്ത് നിന്നും അനുവദിക്കുന്ന വിമാനസ‍ർവ്വീസുകൾ.