Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവെന്ന് ആരോഗ്യ മന്ത്രാലയം, ആശങ്കയൊഴിയാതെ കേരളവും തമിഴ്നാടും കർണാടകയും

നാല് സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ൽ താഴെയായി. ദില്ലി, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി രോഗവ്യാപനം തീവ്രമായിയിരുന്ന പത്ത് സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കുറയുന്നുണ്ട്.

covid india update health ministry
Author
Delhi, First Published May 11, 2021, 4:30 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യമന്ത്രാലയം. പത്ത് ദിവസത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്നും ചില സംസ്ഥാനങ്ങളിൽ കൊവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാവുന്ന  രീതിയിലേക്കെത്തുന്നതിന്റെ സൂചനകളുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. നാല് സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ൽ താഴെയായി. ദില്ലി, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി രോഗവ്യാപനം തീവ്രമായിയിരുന്ന പത്ത് സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കുറയുന്നുണ്ട്.

എന്നാൽ രണ്ടാം തരംഗത്തില്‍ കേരളമടക്കം പതിമൂന്ന് സംസ്ഥാനങ്ങളിലെ രോഗവ്യാപന തീവ്രതയില്‍ ആശങ്കയുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കൂടുകയാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്

ഇന്നല പതിനെട്ടര ലക്ഷം സാമ്പിള്‍ പരിശോധിച്ചതിലാണ് 3,29,942 പേര്‍ പോസിറ്റീവായത്. ഇരുപതിന് മുകളിലുണ്ടായിരുന്ന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 17 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ കേരളം, കര്‍ണ്ണാടകം തമിഴ്നാടക്കം 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ചികിത്സയിലുണ്ട്. 310 ജില്ലകളിലെ സ്ഥിതി കൂടി മെച്ചപ്പെടേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ചെറുപ്പക്കാരില്‍  വൈറസ്ബാധ കൂടുന്നതില്‍ മന്ത്രാലയം ആശങ്കയറിയിച്ചു. എന്നാല്‍  മരണനിരക്കില്‍ കാര്യമായ മാറ്റമില്ല. തുടര്‍ച്ചായായ അഞ്ചാം ദിവസവും നാലായിരത്തിനടുത്താണ് പ്രതിദിന മരണ സംഖ്യ. ഓരോ ശതമാനത്തിന്‍റെ വീതം വര്‍ധനയാണ് കഴിഞ്ഞ നാല് ദിവസമായി  ഉണ്ടാകുന്നത്. 

അതേ സമയം കൊവിഡ് ഭേദമാകുന്ന പ്രമേഹരോഗികളില്‍ മ്യൂക്കോര്‍ മൈക്കോസിസ്  എന്ന രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് ആശങ്ക പ്രകടിപ്പിച്ചു.  രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക, കൃത്യസമയത്ത് കൃത്യമായ അളവില്‍ സ്റ്റിറോയ്ഡുകള്‍ കഴിക്കുക, ഓക്സിജന്‍ തെറാപ്പിയില്‍ ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം നല്‍കി. ദീര്‍ഘകാലത്തെ ഐസിയു വാസം കൊണ്ടും, പ്രമേഹം മൂര്‍ച്ഛിക്കുന്നവരിലും കണ്ടു വരുന്ന രോഗം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെയും, കാഴ്ചശക്തിയേയുമാണ് ബാധിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios