ദില്ലി: രാജ്യത്ത് കൊവിഡ് ആശങ്കയേറുകയാണ്. മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയില്‍ 12,248 പേരും ആന്ധ്രയില്‍ 10,820 പേരും ഇന്ന് രോഗബാധിതരായി. തമിഴ്നാട്ടില്‍ പ്രതിദിന രോഗ ബാധിതരുടെ എണ്ണം 5994 ആയി ഉയർന്നു. കർണാടകത്തിൽ ഇന്നലെ 5985 പേരാണ്‌ രോഗ ബാധിതരായത്. ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗ ബാധ നിരക്ക് ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു. അതേസമയം, പ്രതിദിന സാമ്പിൾ പരിശോധന ഏഴ് ലക്ഷമായി ഉയർത്താൻ ആയെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്.

തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 119 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണസംഖ്യ 4927 ആയി. 5994 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 296901 ആയി. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെത്തിയ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ മാത്രം 13 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചെന്നൈ 12 പേരും കന്യാകുമാരി 4 പേരും തേനി 3 പേരും സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ആന്ധ്ര പ്രദേശിൽ ഇന്നും പതിനായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 10820 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 227860 ആയി. 97 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 2036 ആയി ഉയര്‍ന്നു. 87112 പേരാണ് സംസ്ഥാനത്ത് ഇരുവരെ ചികിത്സയിലുള്ളത്. കർണാടകത്തിൽ ഇന്ന് അയ്യായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മാത്രം 5985 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവും കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊവിഡ് ബാധിച്ച് 107 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 3198 ആയി. 178087 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.