ദില്ലി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29974 ആയി. ഇവരിൽ 7027 പേർ രോഗമുക്തി നേടി. 937 പേർ മരിച്ചു. ശേഷിച്ചവർ ചികിത്സയിലാണ്. ദില്ലിയിൽ 3108 പേർക്കും ഗുജറാത്തിൽ 3774 പേർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 226 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 19 പേമർ മരിക്കുകയും 40 പേർ രോഗം ഭേദമാവുകയും ചെയ്തു. 

മുംബൈയിൽ മാത്രം ഇന്ന് 25 പേർ മരിച്ചു. ആകെ മരണ സംഖ്യ 244 ആയി. നഗരത്തിൽ രോഗികളുടെ എണ്ണം 5982 ആയി. ചെന്നൈയിൽ രോഗ വ്യാപനം ഇരട്ടിക്കുന്നതായാണ് ഏറ്റവും പുതിയ വിവരം. ഇന്ന് മാത്രം 103 പേർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ അഞ്ച് പേർ കുട്ടികളാണ്. ഇന്ന് മാത്രം തമിഴ്നാട്ടിൽ 121 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതർ 2058 ആയി. ചെന്നൈയിൽ മാത്രം 673 രോഗബാധിതർ ആണുള്ളത്. 

കൊവിഡ് ബാധിച്ച സിആർപിഎഫ് ജവാൻ, അസം സ്വദേശിയായ ഇക്രാം ഹുസൈൻ മരിച്ചു. ദില്ലിയിൽ ചികിത്സയിലായിരുന്നു. മയൂർ വിഹാറിലെ ക്യാമ്പിൽ വച്ചാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഒരു മലയാളി ജവാന് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇവിടുത്തെ കൊവിഡ് കേസുകളുടെ എണ്ണം 43 ആയി.

ദില്ലിയിൽ സുപ്രീംകോടതി സുരക്ഷാ വിഭാഗത്തിലെ 39 പൊലീസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഒരു കോടതി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കൊൽക്കത്തയിലെ ഹൗറയിൽ പൊലീസിന് നേരെ അക്രമം നടന്നു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. മാർക്കറ്റിൽ കൂട്ടം കൂടിയ ആളുകളെ പിരിച്ചുവിടുന്നതിനിടെയാണ് സംഭവം. കല്ലുകളും വടികളുമായി പൊലീസിനെ ആൾക്കൂട്ടം പിൻതുടർന്ന് ആക്രമിക്കുകയായിരുന്നു.

പ്ലാസ്മ തെറാപ്പിക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ഇതിന്റെ പരീക്ഷണം മാത്രമാണ് നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും ഇന്ന് വ്യക്തമാക്കി. പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ല. അനുമതിയില്ലാതെ ആരും പ്ലാസ്മ തെറാപ്പി പരീക്ഷിക്കരുതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. മെഡിക്കൽ ട്രയലിനുള്ള മാർഗരേഖ എല്ലാവരും പാലിക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.