ബെംഗളൂരു: കർണാടകത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 11,000 കടന്നു. ഇന്ന് മാത്രം 445 പേർക്കാണ് കർണാടകത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് കൊവിഡ് രോഗികൾ മരണപ്പെടുകയും ചെയ്തു. 

ഇതുവരെ 180 പേർക്കാണ് കൊവിഡ് മൂലം കർണാടകയിൽ ജീവൻ നഷ്ടമായത്.  കർണാടക ആരോഗ്യവകുപ്പ് ഇന്നു പുറത്തു വിട്ട കണക്ക് അനുസരിച്ച് കർണാടകത്തിൽ ഇതുവരെ 11,005 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം 246 പേർ ഇന്ന് രോഗ മുക്തരായി. 3905 പേർ ചികിത്സയിലുണ്ട്. ബംഗളുരുവിൽ മാത്രം 144 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ഓഫീസ് അടച്ചു. ആൻ്റി ടെററിസ്റ്റ് സ്ക്വാഡിലെ ഒരു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. അണുവിമുക്തമാക്കിയശേഷം 3 ദിവസം കഴിഞ്ഞു തുറക്കും. 300 ൽ അധികം ഉദ്യോഗസ്ഥർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കോവിഡ് കൺട്രോൾ റൂം മുടക്കമില്ലാതെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.