ദില്ലി: അതിര്‍ത്തി പ്രശ്നത്തിൽ കേരളം നൽകിയ സത്യവാംങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളം ഹര്‍ജി നൽകിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറൻസിംഗിൽ സംസാരിച്ചിരുന്നു. 

ഇതേ തുടർന്ന് രോഗികളുമായി പോകുന്ന വാഹനങ്ങൾ പ്രത്യേക പരിശോധനക്ക് ശേഷം കടത്തിവിടാമെന്ന് ധാരണയുണ്ടാക്കി. ഇക്കാര്യം ഇന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ഇതോടെ കേസ് ഇന്ന് തീര്‍പ്പാകാനാണ് സാധ്യത. 

അതിര്‍ത്തി വഴി മറ്റ് അവശ്യസേവനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉൾപ്പടെയുള്ളവര്‍ നൽകിയ ഹര്‍ജികൾ കൂടി ഇന്ന് കോടതിക്ക് മുമ്പാകെ എത്തുന്നുണ്ട്. കൂടാതെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.