ദില്ലി: കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാൻ ഐസിഎംആർ നിർദ്ദേശിച്ചു. സെറോളജിക്കൽ സർവ്വേ നടത്താനാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജനസാന്ദ്രത കൂടിയ മേഖലകളിൽ ആദ്യഘട്ട പരിശോധന നടത്താനാണ് തീരുമാനം. അതിനിടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 182143 ആയി. ഇതുവരെ 5164 പേരാണ് രോ​ഗം ബാധിച്ച് ഇന്ത്യയിൽ മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളിൽ മാത്രം 193 പേർ മരിച്ചു. നിലവിൽ 89,995 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുളളത്. 86983 പേർക്ക് ഇതുവരെ രോ​ഗം ഭേദമായിട്ടുണ്ട്. 

അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി ഒന്നരലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി എഴുപതിനായിരം കടന്നു. ആയിരത്തിലധികം പേരാണ് അമേരിക്കയിൽ 24 മണിക്കൂറിനിടെ മരിച്ചത്. ബ്രസീലിൽ എണ്ണൂറിലധികം പേർ 24 മണിക്കൂറിനിടെ മരിച്ചു. മുപ്പതിനായിരത്തിലധികം പേരാണ് ബ്രസീലിൽ പുതുതായി രോഗാധിതരായത്.

Read Also: ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നത് അവസാനിപ്പിച്ചു; വിമര്‍ശനവുമായി കോണ്‍ഗ്രസ്...