ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നു.  24 മണിക്കൂറിനിടെ അമ്പതിനായിരത്തോളം പുതിയ പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,87,945 ആയി. 24 മണിക്കൂറിനിടെ 740 പേരാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,601 ആയി. 440135 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത്‌ ഇതുവരെ  1,54,28,000 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം പരിശോധിച്ചത് 352000 സാമ്പിളുകളാണ്. 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലെ കുതിപ്പിന് കാരണം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ രോഗവ്യാപനമെന്നാണ് വിലയിരുത്തല്‍. ആകെ പരിശോധനയുടെ മൂന്നിലൊന്നും നടന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സാംപിളുകള്‍ പോസിറ്റീവാകുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്. ഒന്നരകോടിയിലധികം പരിശോധന ഇതിനോടകം രാജ്യത്ത് നടന്നു കഴിഞ്ഞു. ഇതില്‍ 53 ലക്ഷത്തില്‍ പരം സാംപിളുകളാണ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം പരിശോധിച്ചത്. അതായത് ആകെ പരിശോധനയുടെ മൂന്നിലൊന്ന്. തുടക്കം മുതൽ പരിശോധനയിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായിരുന്നു മുന്നിൽ. ഇപ്പോൾ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നത് ഉയർന്ന വൈറസ് വ്യാപനത്തിന്‍റെ സൂചനയാണ്. 

രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുന്ന തമിഴ്‍നാട്ടില്‍ 20 ലക്ഷത്തില്‍ പരം സാംപിളുകള്‍ ഇതിനോടകം പരിശോധിച്ച് കഴിഞ്ഞു. മൂന്ന് ലക്ഷത്തിന് മുകളിൽ രോഗ ബാധിതരുള്ള മഹാരാഷ്ട്രയില്‍ 16 ലക്ഷത്തില്‍ പരം സാമ്പിളുകളാണ് പരിശോധിച്ചത്. മറ്റ് എല്ലാ സംസ്ഥാനങ്ങളിലായി 80 ലക്ഷത്തിലധികം പരിശോധനകള്‍ നടന്നു. അതായത് ആകെ പരിശോധനയുടെ 50 ശതമാനത്തിലധികം. എന്നാൽ ഈ സംസ്ഥാനങ്ങളിലാകെ രാജ്യത്തെ മൂന്നിലൊന്ന് രോഗികളേ ഇപ്പോഴുള്ളു.