ചെന്നൈ: തമിഴ്‍നാട്ടില്‍ രോഗബാധിതര്‍ ഇരട്ടിയാകുന്നു. ഇന്ന് 508 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ 4058 ആയി. രോഗം വ്യാപിക്കുന്ന ചെന്നൈയില്‍ 2008 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 279 പേര്‍ക്ക് ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതൽ പേരും കോയമ്പേട് മാർക്കറ്റിൽ വന്നുപോയവരാണ്. നീലഗിരി, തെങ്കാശി, തിരുനെൽവേലി അതിർത്തി ജില്ലകളിലും പുതിയ രോഗികൾ വര്‍ധിക്കുന്നു. 

അതേസമയം കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‍നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ എത്തിയവർ വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിലേക്ക് ഉൾപ്പടെ  മടങ്ങിയവരെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. രോഗവ്യാപനത്തിന്‍റെ കേന്ദ്രമായ കോയമ്പേടിൽ വന്നു പോയവരെ മൊബൈൽ കേന്ദ്രീകരിച്ച് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. കച്ചവടക്കാർ, ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ പതിനായിരത്തിലധികം പേരെയാണ് ഇത്തരത്തില്‍ കണ്ടെത്തേണ്ടതുള്ളത്. ഇടുക്കി, പാലക്കാട്, മലബാർ മേഖലയിലേക്കും പൊള്ളാച്ചി, മേട്ടുപാളയം എന്നിവിടങ്ങളിലേക്കും മടങ്ങിയ ലോറി ഡ്രൈവർമാരും ഇവരിലുൾപ്പെടുന്നു. 

തമിഴ്നാട്ടിൽ നിന്നും കൂത്താട്ടുകുളത്തേക്ക് മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് മൂന്നിന് രാവിലെ ആറ് മണിക്കാണ് ലോറി കൂത്താട്ടുകുളം മാര്‍ക്കറ്റിലെത്തിയത്. കോട്ടയം ജില്ലയിൽ ലോഡ് ഇറക്കിയ ശേഷം മെയ് നാലിന് നാമക്കില്ലിലേക്ക് പോയി. തമിഴ്നാട്ടിലെ  വെണ്ടന്നൂർ ചെക്പോസ്റ്റിൽ വെച്ച് എടുത്ത പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതോടെ ഡ്രൈവറെ നാമക്കൽ സര്‍ക്കാ‍ർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയുമായി നേരിട്ട് സന്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.  കൂത്താട്ടുകുളത്തും പരിസരത്തും ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.