274 ജില്ലകളിൽ പോസിറ്റിവിറ്റി 5-15 ശതമാനം വരെയാണ്. അടുത്ത ഘട്ട വാക്സിനേഷൻ മുതൽ വാക്സീൻ വിഹിതം സംബന്ധിച്ച വിവരം 15 ദിവസം മുൻപ് സംസ്ഥാനങ്ങളെ അറിയിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
ദില്ലി: രാജ്യത്തെ 146 ജില്ലകളിൽ കൊവിഡ് സാഹചര്യം ഗുരുതരമെന്ന് റിപ്പോർട്ട്. ഈ ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 274 ജില്ലകളിൽ പോസിറ്റിവിറ്റി 5-15 ശതമാനം വരെയാണ്. അടുത്ത ഘട്ട വാക്സിനേഷൻ മുതൽ വാക്സീൻ വിഹിതം സംബന്ധിച്ച വിവരം 15 ദിവസം മുൻപ് സംസ്ഥാനങ്ങളെ അറിയിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്ക് അനുസരിച്ച് പതിനേഴോളം സംസ്ഥാനങ്ങളിൽ ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്കാണ് രോഗികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയത്. 4000 കേസുകളുടെ കുറവ് ദില്ലിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പരിശോധനകളുടെ എണ്ണം കുത്തനെ ഇടിഞ്ഞു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
രാജ്യത്താകമാനമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 19 ശതമാനമാണ്. കൊവിഡ് വ്യാപനം രൂക്ഷമായ 146 ജില്ലകളിൽ ദില്ലി, മുംബൈ നഗരപ്രദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്നത് ആശങ്ക വർധിപ്പിക്കുന്നു. അതേസമയം, വാക്സീൻ സ്വീകരിച്ചവരിൽ രോഗം സ്ഥിരീകരിക്കുന്നത് വളരെ കുറവാണ് എന്ന് ഐസിഎംആർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. വാക്സീൻ സ്വീകരിച്ചവരിൽ പതിനായിരത്തിൽ രണ്ടോ നാലോ പേർക്ക് മാത്രമാണ് രേഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഷീൽഡും കൊവാക്സിനും സ്വീകരിച്ചവരിൽ എത്ര പേർക്കാണ് രേഗം വന്നത് എന്നത് സംബന്ധിച്ച് വിശദമായ കണക്കാണ് ഇപ്പോൾ ഐസിഎംആർ പുറത്തുവിട്ടിരിക്കുന്നത്. പത്തുകോടിയിലധികം ഡോസ് കൊവിഷീൽഡ് സ്വീകരിച്ചതിൽ പതിനയ്യായിരം പേർക്ക് മാത്രമാണ് ഇതിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
