ദില്ലി: ദില്ലിയിലെ കേരള ഹൗസ് ജീവനക്കാരന് കൊവിഡ്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തരേന്ത്യൻ സ്വദേശിയായ ഇയാളെ എൽഎൻജിപി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. എട്ട് ദിവസം മുമ്പ് ജോലിക്കെത്തി മടങ്ങിയ തൊഴിലാളിയാണ്  ഇയാളെന്ന് കേരള ഹൗസ് റസിഡന്‍റ് കമ്മീഷണർ അറിയിച്ചു.

ആരെങ്കിലും ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടെങ്കിൽ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിയതായും റസിഡന്‍റ് കമ്മീഷണർ വ്യക്തമാക്കി. കേരള ഹൗസിൽ ആദ്യമായാണ് ഒരാൾക്ക് കൊവിഡ് ബാധിക്കുന്നത്.

അതേസമയം ദില്ലിയിലെ സരോജിനി നഗർ മിനി മാർക്കറ്റ് ഈ മാസം 15 മുതൽ 30 വരെ അടച്ചിടും. മിനി മാർക്കറ്റ് അസോസിയേഷനിലെ നൂറോളം കടകളാണ് അടയ്ക്കുന്നത്. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മിനി മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് അശോക് രൺധാവാ അറിയിച്ചു. എന്നാൽ മാർക്കറ്റിലെ വലിയ കടകളുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.