ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,263 ആയി. 24 മണിക്കൂറിനുള്ളിൽ 2487 പേർ രോ​ഗബാധിതരായെന്നാണ് ഔദ്യോ​ഗിക വിവരം. ഇതുവരെ രോ​ഗം ബാധിച്ച് 1306 പേർ മരിച്ചു. 10,887 പേർക്ക് രോ​ഗം ഭേദമായി.

തമിഴ്നാട്ടിൽ രോ​ഗബാധിതരുടെ എണ്ണം 3000 കടന്നു. ഇവിടെ ഇന്ന് 266 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 203 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തു. കോയമ്പത്തൂർ, കന്യാകുമാരി എന്നിവിടങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചെന്നൈ ന​ഗരത്തിൽ ഇന്ന് 25  പൊലീസുകാ‍ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അം​ഗങ്ങൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പിതാവിനും 19 വയസുള്ള മകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ മറ്റു മൂന്ന് അം​ഗങ്ങളെ ക്വാറൻ്റൈനിലാക്കിയിരിക്കുകയാണ്. 

ചെന്നൈ കോയമ്പേട് മാർക്കറ്റിൽ രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ 39 പേർക്ക് കൂടി ഇവിടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആയി. വില്ലുപുരം ജില്ലയിൽ ഇന്ന് 32 പേ‍ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോയമ്പേട് മാ‍ർക്കറ്റിൽ നിന്നും തിരിച്ചെത്തിയവരാണ് ഇവർ. ഇതോടെ കോയമ്പേട്ടിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 151 ആയി.

Read Also: ദില്ലിയടക്കം വിവിധ സംസ്ഥാനങ്ങളിൽ നാളെ മുതൽ മദ്യം വിൽക്കും: തിരക്കൊഴിവാക്കാൻ മദ്യ വില കൂട്ടി ആന്ധ്ര...

ദില്ലി കപസേരയിൽ ഒരേ കെട്ടിടത്തിൽ താമസക്കാരായ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഇതേ കെട്ടിടത്തിൽ 41 പേർക്ക് രോ​ഗം കണ്ടെത്തിയിരുന്നു. മജീദിയ ആശുപത്രിയിൽ കൊവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടും നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിച്ച  ആരോഗ്യപ്രവർത്തകരിൽ  മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഒരു ഡോക്ടർക്കും രണ്ട് നഴ്സുമാർക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. 

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് ദില്ലി. ദില്ലിയിൽ കഴിഞ്ഞ ദിവസം മാത്രം 384 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മൂന്നു പേരാണ് ഇന്നലെ ഇവിടെ മരിച്ചത്. 

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ദില്ലിയിലെ സിആർപിഎഫ് ആസ്ഥാനം ഇന്ന് അടച്ചു. ഓഫീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോധി റോഡിൽ സ്ഥിതി ചെയ്യുന്ന സിആർപിഎഫ് ആസ്ഥാനത്തേക്ക് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ആരെയും കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. അണുനശീകരണത്തിനായാണ് ആസ്ഥാനം അടച്ചത്. ദില്ലിയിൽ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് അടച്ചിടുന്ന രണ്ടാമത്തെ തന്ത്രപ്രധാനമായ കെട്ടിടമാണിത്. 

ദില്ലിയിലെ മയൂർവിഹാർ ഫേസ് 3-യിൽ ഉള്ള സിആർപിഎഫിന്‍റെ 31-ാം ബറ്റാലിയനിൽ 122 ജവാൻമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെത്തന്നെയുള്ള 100 പേരുടെ കൂടി ഫലം വരാനിരിക്കുകയാണ്. കൂട്ടത്തോടെ ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ ക്യാമ്പ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. 

Read Also: ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറെന്ന് ദില്ലി സര്‍ക്കാര്‍; സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും...