ദില്ലി: കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. സ്ഥിതിഗതികള്‍ ദിവസേന വിലയിരുത്തുന്നതായും എല്ലാ രാജ്യാന്തര യാത്രക്കാരെയും പരിശോധിക്കാൻ തീരുമാനമായതായും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി.

ഇതുവരേയും 29 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം രാജ്യത്ത് കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്ത് വരും.  ജയ്‌പൂരിൽ രോഗം ബാധിച്ച ഇറ്റാലിയൻ പൗരനെ ചികിത്സിച്ച ആശുപത്രി ജീവനക്കാർക്കും അയാൾ താമസിച്ച ഹോട്ടലിലെ  ജീവനക്കാർക്കും കോവിഡ് ബാധ ഇല്ലെന്നു പരിശോധന ഫലം പുറത്ത് വന്നത് ആശ്വാസ്യകരമാണ്. 

കൊറോണ: ഇന്ത്യക്കാര്‍ ഭയപ്പെടേണ്ട, ജാഗ്രത മതി, നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

അതേസമയം കൊവിഡ് 19 ഭീതി തുടരുന്നതോടെ സംസ്ഥാനത്ത് നിന്ന് വിദേശയാത്രക്ക് ബുക്ക് ചെയ്തവർ കൂട്ടത്തോടെ പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു. കൊച്ചിയിൽ നിന്ന് മാത്രം 300 ഗ്രൂപ്പുകളിലായി 10,000 പേർ യൂറോപ്പിലേക്ക് ഉൾപ്പടെയുള്ള യാത്ര റദ്ദാക്കുകയാണ്. 

അതിനിടെ ദുബായിലെ ഒരു ഇന്ത്യന്‍ സ്‌കൂളിലെ 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയ്ക്ക്  കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നാണ് രോഗബാധയെന്നാണ് വിവരം. ദുബായില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വിദ്യാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില നിലവില്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു . ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപഴകിയിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും  തൊഴിലാളികളെയും ദുബായ് ആരോഗ്യവകുപ്പിന്‌റെ നേതൃത്വത്തില്‍ പരിശോധിക്കുന്നുണ്ട്.