മൈസൂര്‍: കര്‍ണാടകയിലെ മൈസൂരുഎച്ച്ഡി കോട്ടയില്‍ പന്നിപ്പടക്കം കടിച്ച് പശുവിന് ദാരുണാന്ത്യം. കൃഷിയിടത്തില്‍ പന്നി ശല്യം ഒഴിവാക്കാനായി വെച്ച പന്നിപ്പടക്കമാണ് പശു കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച ബെട്ടനഹള്ളിയിലാണ് സംഭവം. നരസിംഹ ഗൗഡ എന്നയാളുടെ മൂന്ന് വയസ്സ് പ്രായമുള്ള പശുവാണ് ചത്തത്. പുല്ലുതിന്നുന്നതിനിടെയാണ് പശു സ്‌ഫോടക വസ്തു കടിച്ചത്. മാരകമായി പരിക്കേറ്റ പശുവിന് ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്‌ഫോടനത്തില്‍ മുഖത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. നാക്കും താടിയും പല കഷ്ണങ്ങളായി ചിതറി.

മൃഗസംരക്ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ എത്തിയത്. എന്നാല്‍, ഗുരുതര പരിക്ക് കാരണം പശുവിന് ചികിത്സ നല്‍കാന്‍ സാധിച്ചില്ലെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ അറിയിച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായ ഇവിടെ കര്‍ഷകര്‍ പന്നികള്‍ക്ക് കെണി വെക്കുന്നത് പതിവാണ്. പാലക്കാട് ജില്ലയില്‍ പന്നിപ്പടക്കം കടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു.