ലഖ്‌നൗ: ഗോമൂത്രത്തില്‍നിന്നും ചാണകത്തില്‍നിന്നും നിര്‍മിച്ച സോപ്പ്, സാമ്പ്രാണിത്തിരികള്‍, ടൂത്ത് പേസ്റ്റ്, റൂം ഫ്രഷ്‌നേഴ്‌സ്, ഐ ഡ്രോപ്‌സ് തുടങ്ങിയ ഉത്പന്നങ്ങൾ വിപണനത്തിനെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മാഘാ മേളയില്‍. എല്ലാ വര്‍ഷവും ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് പ്രയാഗ്‌രാജില്‍ മാഘാ മേള നടക്കുന്നത്.

കാണ്‍പൂരിലെ ബിഠൂരില്‍ പ്രവര്‍ത്തിക്കുന്ന ഗോശാലയിലാണ് ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിഎച്ച്പിയുടെ ഉടമസ്ഥതയിലുള്ള ഗോശാലയിൽ നിർമ്മിച്ച ഉത്പന്നങ്ങൾ ആദ്യമായാണ് മാഘാ മേളയിൽ പ്രദർശനത്തിനെത്തുന്നത്. ദഹനക്കേട്, സന്ധിവാതം, തിമിരം, പ്രമേഹം, ശ്വാസകോശ അണുബാധ തുടങ്ങിയ രോ​ഗങ്ങൾക്കുള്ള മരുന്നും മേളയിൽ ലഭ്യമാണ്. ഉത്പന്നങ്ങളിൽ ചിലത് 2013ലെയും 2019ലെയും കുംഭമേളകളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നതായി ഗോശാല മാനേജര്‍ അഭിഷേക് ബാജ്‌പേയി പറഞ്ഞു.

ഉത്പന്നങ്ങളില്‍ ജൈവ വളങ്ങള്‍ മുതല്‍ വീട് ശുചിയാക്കാനുള്ള ഉത്പന്നങ്ങളും ഐ ഡ്രോപ്‌സ് മുതല്‍ വേദന സംഹാരികള്‍ വരെയുമുണ്ട്. ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഔഷധഗുണങ്ങളില്‍ വിശ്വസിക്കുന്ന ഒരുപാടു പേര്‍ സ്റ്റാളുകളിൽ എത്താറുണ്ട്. രാജ്യമെമ്പാടുമുള്ള ആര്‍എസ്എസ്- വിഎച്ച്പി ക്യാമ്പുകളില്‍ ഉത്പന്നങ്ങൾ ലഭ്യമാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ജൈവ മൂല്യമുള്ള ഉത്പ്പന്നങ്ങളാണ് തങ്ങളുടെ പക്കലുള്ളത്. ഗോമൂത്രം കൊണ്ട് തയ്യാറാക്കിയ ഐ ഡ്രോപ്പുകള്‍ കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. സോപ്പുകളും ഫെയ്‌സ് പാക്കുകളും സാമ്പ്രാണിത്തിരികളും നിര്‍മിക്കാന്‍ ഗോമൂത്രത്തെ കൂടാതെ ചാണകവും ഉപയോഗിച്ചിട്ടുണ്ടെന്നും അഭിഷേക് കൂട്ടിച്ചേർത്തു.