ഛത്തീസ്​ഗഡ്: ഹരിയാനയിലെ ഗുരു​ഗ്രാമിൽ‌ ബീഫ് കടത്തിയെന്ന് ആരോപിച്ച് ഗോസംരക്ഷകരുടെ ക്രൂരമർദ്ദനത്തിന് ഇരയായ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. തയീദ്, സായൽ അഹമ്മദ് എന്നിവർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ബീഫ് കടത്തിയെന്ന് ആരോപിച്ച് ബുധനാഴ്ചയായിരുന്നു ഗോസംരക്ഷകർ യുവാക്കളെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്.

ട്രക്കിൽ പോവുകയായിരുന്ന നാല് യുവാക്കളെ ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഗോസംരക്ഷകർ തടഞ്ഞുനിർത്തി. ഇറങ്ങിയോടിയ യുവാക്കളെ പിന്തുർന്ന ഗോസംരക്ഷകർ കൂട്ടത്തിലെ രണ്ടുപേരെ പിടികൂടി മർദ്ദിക്കുകയായിരുന്നു. തയീദ്, സായൽ അഹമ്മദ് എന്നിവരാണ് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. ഇവർക്കൊപ്പമുള്ള മറ്റ് രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.  

മര്‍ദ്ദനത്തിൽ പരിക്കേറ്റ യുവാക്കളെ അടുത്തുള്ള സ‍ർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിലാണ് യുവാക്കൾക്കെതിരെ ഗോസംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തത്. യുവാക്കളിൽ നിന്നും പിടിച്ചെടുത്ത മാംസം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. യുവാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

കഴിഞ്ഞ ദിവസം മോഷണകുറ്റം ആരോപിച്ച് ഝാര്‍ഖണ്ഡിൽ 24കാരനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ആൾക്കൂട്ട അക്രമങ്ങൾ തടയാൻ കർശന നടപടികൾ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതിന് പിന്നാലെയാണ് ബി ജെ പി ഭരിക്കുന്ന ഹരിയാനയിൽ ബീഫിന്‍റെ പേരിലുള്ള അക്രമം എന്നത് ശ്രദ്ധേയമാണ്.