ജയ്പുര്‍: പശുവിനെച്ചൊല്ലി രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ്-ബിജെപി വാക്പോര്. വി ഡി സവര്‍ക്കറെ ഉദ്ധരിച്ച്, പശു ഉപകാരപ്രദമായ മൃഗമാണെന്നും അതേസമയം ആരാധിക്കേണ്ട ആവശ്യമില്ലെന്നും മൃഗങ്ങളെ ആരാധിക്കുന്ന വിഡ്ഢിത്തമാണെന്നും പാര്‍ലമെന്‍ററി കാര്യ മന്ത്രി ശാന്തി ധറിവാള്‍ നിയമസഭയില്‍ പറഞ്ഞതോടെയാണ് സംവാദം തുടങ്ങിയത്. പ്രസ്താവനയെ തുടര്‍ന്ന് മന്ത്രിക്കെതിരെ ബിജെപി രംഗത്തെത്തി. സവര്‍ക്കറുടെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

പശുവിനെ മാതാവായി ആരാധിക്കുന്ന കോടിക്കണക്കിന് ജനങ്ങളെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്നാനി പറഞ്ഞു. പുസ്തകത്തിലെ വരികള്‍ മന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. യുദ്ധ സമയത്ത്  ശത്രുക്കള്‍ സൈന്യത്തിന് മുന്നില്‍ പശുവിനെ നിര്‍ത്തി പ്രതിരോധിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗമാണ് മന്ത്രി ദുര്‍വ്യാഖ്യാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 'ഹിന്ദുത്വ' എന്ന വാക്കിന് സവര്‍ക്കര്‍ നല്‍കിയ നിര്‍വചനം മോഹന്‍ ഭാഗവത് മാറ്റിയെന്നും ധറിവാള്‍ വിമര്‍ശിച്ചു.