ഗുവാഹത്തി: ഭഗവാന്‍ കൃഷ്ണന്‍ ഓടക്കുഴലൂതുന്നതുപോലെ ആരെങ്കിലും ഓടക്കുഴല്‍ വായിച്ചാല്‍ പശു കൂടുതല്‍ പാലുനല്‍കുമെന്ന് പറഞ്ഞ ബിജെപി എംഎല്‍എ ദിലിപ് കുമാര്‍ മറ്റൊരു പ്രസ്താവനയുമായി രംഗത്ത്. തന്‍റെ കണ്ടുപിടുത്തമല്ലെന്നും വളരെ കഴിവുള്ള ഗവേഷകര്‍ കണ്ടെത്തിയതാണ് ഇതെന്നുമാണ്  എംഎല്‍എ പറയുന്നത്. 

ഇതെന്‍റെ വാക്കുകളല്ല, ഗുജറാത്തില്‍ നിന്നുള്ള പ്രമുഖ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നിന്ന് കണ്ടെത്തിയതാണെന്നും എംഎല്‍എ തന്‍റെ വാക്കുകളെ സാധൂകരിക്കാനായി കൂട്ടിച്ചേര്‍ത്തു. 

അസ്സമിലെ സില്‍ചറില്‍ നിന്നുള്ള എംഎല്‍എയാണ് ദിലിപ് കുമാര്‍. കൃഷ്ണന്‍ ഓടക്കുഴല്‍ വായിച്ചിരുന്നപോലെ പ്രത്യേക തരത്തില്‍ വായിച്ചാല്‍ പാല്‍ സാധാരണയില്‍ നിന്ന് ഇരട്ടിയിലധികം ലഭിക്കുമെന്നായിരുന്നു വിവാദ പ്രസ്താവന. നിയമസഭാ മണ്ഡലത്തില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ദിലിപ് കുമാറിന്‍റെ വാക്കുകള്‍. 

ഇന്നത്തെ കാലത്തേക്ക് പ്രാചീനകാലത്തെ ഈ ശാസ്ത്ര വിദ്യ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു.