ദില്ലി: അയോധ്യ കേസിലെ അന്തിമവിധിപ്രഖ്യാപനം  വരാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽ പ്രതികരിച്ചത് ശരിയായില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. അലഹാബാദ് വിധി ഓർമിപ്പിച്ചു കൊണ്ട് മൻ കി ബാത്തിൽ മോദി പ്രസ്താവന നടത്തിയത് ജുഡീഷ്യറിയെ സ്വാധീനിക്കാനുളള ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെയും ,ഹരിയാനയിലെയും തെരഞ്ഞെടുപ്പ്  ഫലം ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ്. ബിജെപിയുടെ തകർച്ച തുടങ്ങിയെന്ന സൂചനയാണിത്. ബിജെപിക്കെതിരെ മതേതര പാർട്ടികളുടെ വിശാലമായ സഖ്യം ഉണ്ടാകണം. ഇടതുപക്ഷത്തിന് ഇതിൽ മുഖ്യപങ്ക് വഹിക്കാനാകുമെന്നും രാജ വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതി വിധി വരാനിരിക്കെ ചിലര്‍ മുതലെടുപ്പിന് ശ്രമിച്ചെന്നും നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തിയെന്നുമാണ് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞത്. വിധി വന്ന ശേഷം രാജ്യം ഒന്നിച്ചുനിന്നെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. 

Read Also: 'മൻ കി ബാത്തി'ൽ അയോധ്യ കേസിലെ വിധി പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി