പട്ന: കേന്ദ്രമന്ത്രി ഗിരിരാജ് സിങ് മാലയിട്ട അംബേദ്കര്‍ പ്രതിമയില്‍ ഗംഗാജലമൊഴിച്ച് കഴുകി ശുദ്ധിയാക്കി സിപിഐ, ആര്‍ജെഡി പ്രവര്‍ത്തകര്‍. ബിഹാറിലെ ബെഗുസരായിലാണ് സംഭവം. ബല്ലിയ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന അംബേദ്കര്‍ പ്രതിമയിലാണ് പ്രവർത്തകർ ഗംഗാജലമൊഴിച്ച് 'ശുദ്ധീകരിച്ചത്'. പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള റാലിക്ക് മുന്നോടിയായാണ് ഗിരിരാജ് സിംഗ് അംബേദ്കര്‍ പ്രതിമയില്‍ മാലയിട്ടത്. പിന്നാലെ സിപിഐ നേതാവിന്റെയും ആര്‍ജെഡി നേതാക്കളുടെയും നേതൃത്വത്തിലുള്ള സംഘം ഒരു ബക്കറ്റില്‍ ഗംഗാജലം നിറച്ചുകൊണ്ടുവന്ന് പ്രതിമയിലൊഴിക്കുകയായിരുന്നു. സമീപത്ത് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയായിരുന്നു ഇവര്‍.

ജയ് ഭീം, ജയ് ഫൂലെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇവര്‍ പ്രതിമയില്‍ ഗംഗാജലം ഓഴിച്ചത്.. വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താവാണ് ​ഗിരിരാജ് സിം​ഗ്. അദ്ദേഹം ഇവിടുത്തെ അന്തരീക്ഷം മലിനമാക്കിയിരിക്കുകയാണ്. അതിനാലാണ് അദ്ദേഹം മാലയിട്ട പ്രതിമയെ ഞങ്ങൾ ശുദ്ധീകരിച്ചത്. എന്ന് സിപിഐ, ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു. “ശുദ്ധീകരണ” ത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പ്രാദേശിക ബിജെപി നേതാക്കളും തൊഴിലാളികളും “ശുദ്ധീകരണ” ആചാരത്തെ അപലപിച്ചു കൊണ്ട് രം​ഗത്തെത്തിയിരുന്നു. 

ഇത്തരം പ്രവർത്തനങ്ങള്‍ അം​ഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് ബിജെപി നേതാക്കൾ വിമർശിച്ചു. ''സമൂഹത്തിലെ എല്ലാവർക്കുമായി പ്രവർത്തിച്ച വ്യക്തിയാണ് അംബേദ്കർ. അദ്ദേഹത്തെ കുത്തകയായി പ്രഖ്യാപിക്കാൻ ആർക്കും സാധിക്കില്ല.'' ബെ​ഗുസരായി ബിജെപി നേതാവ് രംകിഷോർ സിം​ഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹിന്ദുത്വ പ്രസ്താവനകളിലൂടെ പലപ്പോഴും വിവാദം സൃഷ്ടിച്ച വ്യക്തിയാണ് കേന്ദ്രമന്ത്രി ​ഗിരിരാജ് സിം​ഗ്.