വിദേശ രാജ്യങ്ങളിലെ പ്രതിനിധി സംഘത്തിന്‍റെ സന്ദര്‍ശനത്തെ സംബന്ധിച്ച് എന്‍ഡിഎ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചെന്നും മറ്റ് മുഖ്യമന്ത്രിമാരുമായി സംസാരിക്കാന്‍ മോദി തയ്യാറായിട്ടില്ലെന്നും എംഎ ബേബി.

 ദില്ലി: പാക് ഭീകരതയെ കുറിച്ചും ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ചും വിദേശ രാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ സിപിഎം പ്രതിനിധി പങ്കെടുക്കും എന്ന് സിപിഎം അഖിലേന്ത്യ സെക്രട്ടറി എംഎ ബേബി. വിമര്‍ശനം നിലനിര്‍ത്തിക്കൊണ്ടാണ് പ്രതിനിധി സംഘത്തിന്‍റെ ഭാഗമാവുക. വിദേശ രാജ്യങ്ങളിലെ പ്രതിനിധി സംഘത്തിന്‍റെ സന്ദര്‍ശനത്തെ സംബന്ധിച്ച് എന്‍ഡിഎ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചെന്നും മറ്റ് മുഖ്യമന്ത്രിമാരുമായി സംസാരിക്കാന്‍ മോദി തയ്യാറായിട്ടില്ല, കേന്ദ്രത്തിന്‍റേത് വിവേചന പരമായ നടപടിയാണ്. വിഷയത്തില്‍ കേന്ദ്രം പാര്‍ലമെന്‍റ് സമ്മേളനം വിളിക്കുന്നില്ല എന്നും എംഎ ബേബി പറഞ്ഞു.


സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ശശി തരൂരിന്‍റെ നേതൃത്വത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തരൂർ വിഷയം കോൺഗ്രസ്സും തരൂരും ചർച്ച ചെയ്ത് തീരുമാനിക്കും എന്നാണ് എംഎ ബേബി മറുപടി പറഞ്ഞത്. അതേ സമയം സര്‍ക്കാരിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നു എന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. ദേശ താല്‍പര്യം തന്നെയാണ് മുഖ്യം. അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കുന്നത് അഭിമാനമെന്നും തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

വിദേശ പര്യടനത്തില്‍ തരൂരിനെ ഉള്‍പെടുത്തിയതിനെ കെപിസിസിയും സ്വാഗതം ചെയ്തു. രാജ്യത്തിന്റെ നിലപാട് അറിയിക്കാന്‍ തരൂരിന് കഴിയുമെന്നും കെപിസിസി പ്രതീക്ഷ പ്രകടിപ്പിച്ചു.