തെലങ്കാനയിൽ മുതിർന്ന സിപിഎം നേതാവ് കൊല്ലപ്പെട്ട സംഭവം, പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉപമുഖ്യമന്ത്രി. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ സിപിഎം നേതാവ് സാമിനേനി രാമറാവു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉപമുഖ്യമന്ത്രി. കഴിഞ്ഞ ദിവസമാണ് കഴുത്തറുത്ത് രക്തം വാർന്ന് മരിച്ച നിലയിൽ 80കാരനായ രാമറാവുവിനെ കണ്ടെത്തിയത്. മധിര നിയോജകമണ്ഡലത്തിലെ ചിന്തകാനി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പത്തർലപാടു ഗ്രാമത്തിലായിരുന്നു കൊലപാതകം. സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടുമെന്നും ശിക്ഷിക്കുമെന്നും തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക പറഞ്ഞു. അക്രമത്തിന്റെ മലിനമായ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും സിപിഎംനേതാവിന്റെ കൊലപാതകത്തിൽ ഞെട്ടലും ദുഃഖവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനം പാലിക്കാനും, കുറ്റവാളികളെ വേഗത്തിൽ പിടികൂടുന്നതിനും വേഗത്തിൽ നടപടിയെടുക്കണമെന്നും അദ്ദേഹം പൊലീസിന് നിർദേശം നൽകി. രാമറാവുവിന്റെ കുടുംബത്തെ ഉപമുഖ്യമന്ത്രി അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും സർക്കാർ അവർക്കൊപ്പം നിൽക്കുമെന്നും സാധ്യമായ എല്ലാ വിധത്തിലും അവരെ പിന്തുണയ്ക്കുമെന്നും ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
