ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ. വിവേകാനന്ദന്‍, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ജന്മദിനത്തിലും ഗാന്ധിജിയുടെ ചരമ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സിപിഎം പോളിറ്റ് ബ്യൂറോയില്‍ ആലോചന. പൗരത്വ നിയമ ഭേഗദതി, അസം പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരായ യുവതയുടെ പോരാട്ടത്തിന് നല്‍കുന്ന പിന്തുണ തുടരാനാണ്  പിബിയുടെ തീരുമാനം.

വര്‍ഗ ബഹുജന സംഘടനകളെ സമര സജ്ജമാകാനും ദില്ലിയില്‍ തുടങ്ങിയ പിബി തീരുമാനിച്ചു. പരിപാടികള്‍ക്ക് നാളെ അന്തിമ രൂപം നല്‍കും. മുഖ്യമന്ത്രി പിണറായി നാളെ രാവിലെ കേരളത്തിലേക്ക് മടങ്ങുന്നതിനാല്‍ രണ്ടാം ദിവസം പങ്കെടുക്കില്ല. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് നാളെ രാവിലെ ദില്ലിയിലെ എകെജി ഭവനിലെത്തി പോളിറ്റ് ബ്യൂറോ അംഗങ്ങളെ കാണും.

അതേസമയം ജെഎൻയു ക്യാമ്പസിലെ മുഖം മൂടി സംഘത്തിന്‍റെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഐഷി ഘോഷ് ഇന്ന് കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും സംഘവും പിണറായി വിജയനെ കണ്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുൻനിര പോരാട്ടം നടത്തുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി വിദ്യാര്‍ത്ഥി പ്രതിനിധികളോട് വിശദീകരിച്ചു. കേരള പ്രതിനിധി എ. സമ്പത്ത്‌, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണൻ എന്നിവരും വിദ്യാര്‍ത്ഥി സംഘത്തോടൊപ്പമുണ്ടായിരുന്നു.