ഇത് അവസരവാദ സഖ്യമല്ലെന്നും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയുകയാണ് ദൗത്യമെന്നും തമിഴ്നാട് സിപിഎം സെക്രട്ടറി കെ ബാലകൃഷ്ണന്‍
ചെന്നൈ: ദില്ലിയില്‍ മതേതരസര്‍ക്കാര്‍ രൂപീകരിക്കാനാണ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതെന്ന് സിപിഎം. രാഹുല്‍ഗാന്ധിയെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടുന്നതിനോട് യോജിപ്പില്ലെന്നും സിപിഎം തമിഴ്നാട് സെക്രട്ടറി കെ.ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ലക്ഷ്യം ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നുള്ളത് മാത്രമാണ്. ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ ഉയര്‍ന്ന നിര്‍ദേശങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇത് അവസരവാദ സഖ്യമല്ലെന്നും തമിഴ്നാട് സെക്രട്ടറി കെ ബാലകൃഷ്ണന്‍ പറയുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയുകയാണ് ദൗത്യം.
കോണ്‍ഗ്രസുമായി വേദി പങ്കിടും. എന്നാല്‍, പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്നത് തെരഞ്ഞടുപ്പിന് ശേഷം തീരുമാനിക്കും. ആരെയും ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടെന്നുമാണ് തീരുമാനം.
2009ല്‍ അണ്ണാഡിഎംകെ ഉള്‍പ്പെട്ട മൂന്നാം മുന്നണിയുടെ ഭാഗമായി മൂന്ന് സീറ്റുകളില്‍ മത്സരിച്ച സിപിഎം ഒരു മണ്ഡലത്തില്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ അണ്ണാഡിഎംകെ സഖ്യത്തിനായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സിപിഎമ്മും സിപിഐയും ചേര്‍ന്ന് ഇടതുസഖ്യമായാണ് മത്സരിച്ചത്.
മൂന്ന് ശതമാനം വോട്ട് ഉണ്ടായിരുന്ന സിപിഎം ഒരു ശതമാനത്തിലേക്ക് ചുരുങ്ങി. ഇത്തവണ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിലെത്തിയതോടെ ശക്തികേന്ദ്രമായ കോയമ്പത്തൂരില്‍ ഉള്‍പ്പടെ രണ്ട് സീറ്റുകളിലും വിജയം ഉറപ്പിക്കാമെന്നാണ് കണക്ക്കൂട്ടല്‍.
