ജയ്പൂര്‍: സ്ത്രീകള്‍ക്കെതിരെ അക്രമം വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ ബിജെപി രംഗത്ത്. സംസ്ഥാന നേതാവ് സതീഷ് പൂനിയയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ജയ്പുരില്‍ സമരം നടത്തി. പ്രശ്‌നം ഉന്നയിക്കാന്‍ ഗവര്‍ണറെ കാണുമെന്ന് സതീഷ് പൂനിയ പറഞ്ഞു. 

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് നിയമസംവിധാനം തകര്‍ന്നെന്നും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം വര്‍ധിച്ചെന്നും ബിജെപി കുറ്റപ്പെടുത്തി. എല്ലാ ജില്ലാ ഓഫിസുകളിലും ഹല്ലാ ബോല്‍ എന്ന പേരില്‍ സമരം നടത്തി. ദലിത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ കേന്ദ്രമായി രാജസ്ഥാന്‍ മാറി. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനം രാജസ്ഥാനാണെന്നും സ്ഥിതി ഗുരുതരമാണെന്നും ബിജെപി ആരോപിച്ചു. 

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.