മുംബൈ: പായല്‍ തഡ്‍വിയുടെ മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂന്ന് ഡോക്ടര്‍മാരെ കസ്റ്റഡിയില്‍ വിട്ട് തരണമെന്ന ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ മുംബൈ ഹൈക്കോടതി തള്ളി. എന്നാല്‍ ഡോക്ടര്‍മാരെ ക്രൈംബ്രാഞ്ചിന് നിശ്ചിത സമയം ചോദ്യം ചെയ്യാമെന്ന് ജസ്റ്റിസ് എസ് എസ് ഷിന്‍ഡേ വ്യക്തമാക്കി. വ്യാഴാഴ്ച 2 മണി മുതല്‍ 6 മണി വെരയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണിവെരയും ഹേമ അഹൂജ, ഭക്തി മെഹ്റ, അങ്കിത ഖണ്ഡേവാള്‍ എന്നിവരെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം.മേയ് 30 നാണ് അഗ്രിപാഡാ പൊലീസ് സ്റ്റേഷനില്‍ നന്നും കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. 

മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ രണ്ടാംവര്‍ഷ ഗൈനക്കോളജി പിജി വിദ്യാര്‍ത്ഥിനിയായ പായല്‍ ജാതിപീഡനത്തില്‍ മനംനൊന്ത് മേയ് 22 നാണ് ജീവനൊടുക്കിയത്. 2018 മെയ് മാസം ഒന്നാം തിയതിയാണ് പായല്‍ പി ജി പഠനത്തിനായി ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ടോപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നത്. 2018 ഡിസംബര്‍ മാസത്തില്‍ ജാതി അധിക്ഷേപം സഹിക്കാനാകുന്നില്ലെന്ന് പായല്‍ വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു.

പീഡനം കടുത്തതോടെ പായല്‍ ഹോസ്റ്റര്‍ വാര്‍ഡനോടും അധ്യാപകര്‍ അടക്കമുള്ളവരോടും പരാതി പറഞ്ഞു. തുടര്‍ന്ന് റാഗിംഗ് നടത്തിയിരുന്ന 3 വിദ്യാര്‍ത്ഥികളെയും വിളിച്ചു വരുത്തി അധികൃതര്‍ ശാസിച്ചു. പക്ഷെ റാംഗിംഗിന് കുറവുണ്ടായില്ല. റിസര്‍വേഷന്‍ ക്വാട്ടയിലൂടെ പ്രവേശനം നേടിയതിന് പായലിനെ മൂന്നുപേരും അധിക്ഷേപിച്ചിരുന്നതായും പായലിന്‍റെ ഭര്‍ത്താവ് സല്‍മാന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.  എന്നാല്‍ പായലും മറ്റൊരു ഡോക്ടര്‍ സ്നേഹല്‍ ഷിന്‍ഡേയും നന്നായിജോലി ചെയ്യാത്തതിനാലാണ് വഴക്ക് പറഞ്ഞതെന്നായിരുന്നു അറസ്റ്റിലായ മൂവരും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.