വജ്രനിക്ഷേപമുള്ള മണ്ണ് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോകളും സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മധ്യപ്രദേശിലെ പന്ന ജില്ലയിലെ വിശ്രംഗഞ്ചിൽ  നൂറുകണക്കിന് ആളുകൾ മണ്ണ് കുഴിച്ചെടുക്കുന്നു. അയൽസംസ്ഥാനമായ ഉത്തർപ്രദേശിൽ നിന്ന് പോലും ഇവിടേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. 

വിശ്രം​ഗഞ്ച്: നിർമ്മാണത്തിലിരിക്കുന്ന അണക്കെട്ടിന് സമീപം വജ്രനിക്ഷേപമുള്ള മണ്ണ് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോകളും സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മധ്യപ്രദേശിലെ പന്ന ജില്ലയിലെ വിശ്രംഗഞ്ചിൽ നൂറുകണക്കിന് ആളുകൾ മണ്ണ് കുഴിച്ചെടുക്കുന്നു. അയൽസംസ്ഥാനമായ ഉത്തർപ്രദേശിൽ നിന്ന് പോലും ഇവിടേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. 

12,000 ഹെക്ടർ കൃഷിയിടത്തിൽ ജലസേചനം നടത്തുന്നതിനായി റൺജ് നദിക്ക് കുറുകെ എട്ട് കിലോമീറ്റർ ദൂരത്തിലുള്ള അണക്കെട്ടിന്റെ നിർമ്മാണം ഈ വർഷമാണ് ആരംഭിച്ചത്. ജലവിഭവ വകുപ്പിന്റേതാണ് ഈ ഭൂമിയെന്നും രണ്ടര അടി താഴ്ചയിൽ വരെ ആർക്കും കുഴിയെടുക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു. 2021 ജനുവരി മുതൽ പന്നയിൽ 77.72 കാരറ്റ് വജ്രം കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ അധീനതയിലുള്ള (എൻഎംഡിസി) പന്നയിലെ മജ്‌ഗാൻവയിലെ ഖനിയിൽ ഖനനം പുനരാരംഭിക്കുന്നത് വജ്രവ്യാപാരത്തെ ബലപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഈ ഖനിയുടെ 60 വർഷത്തെ പാരിസ്ഥിതിക അനുമതി 2020 ഡിസംബർ 3ന് അവസാനിച്ചതോടെ ഇത് അടച്ചുപൂട്ടി.

സംസ്ഥാന ഖനന വകുപ്പും എൻഎംഡിസിയും ചേർന്നാണ് പന്നയിൽ വജ്ര ലേലം നടത്തുന്നത്. ഈ മേഖലയിൽ ആഴം കുറഞ്ഞ ഖനികൾ പാട്ടത്തിന് നൽകിയിട്ടുണ്ട്. പന്നയിലെ ഡാം നിർമ്മാണ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകൾ കുഴിയെടുക്കാനുള്ള ഉപകരണങ്ങളുമായി വരുന്നത് ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. രണ്ടാഴ്ചയ്ക്കിടെ ഇവിടെ നൂറിലധികം മോട്ടോർസൈക്കിളുകളാണ് പൊലീസ് പിടിച്ചെടുത്തത്. എല്ലാ ദിവസവും പൊലീസ് ഈ പ്രദേശം സന്ദർശിക്കുന്നുണ്ട്. പക്ഷേ ആളുകൾ മണ്ണെടുക്കുന്നത് അവസാനിപ്പിക്കാൻ തയ്യാറല്ല. ഇപ്പോൾ കാൽനടയായി എത്തിയാണ് ജനങ്ങൾ മണ്ണെടുക്കുന്നത്. 

ഒരു തൊഴിലാളി കോടികൾ വിലമതിക്കുന്ന വജ്രം കണ്ടെത്തിയതായി താൻ അറിഞ്ഞതായി ഉത്തർപ്രദേശിലെ ബന്ദ നിവാസിയായ രാജ്കുമാർ ഗോണ്ട് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. "ഭൂമി വെള്ളത്തിനടിയിലാകാൻ പോകുന്നു, അണക്കെട്ട് നിർമ്മിക്കുന്നതിന് മുമ്പ് ഞങ്ങൾ ഭാഗ്യം പരീക്ഷിക്കുകയാണ്." അദ്ദേഹം പറയുന്നു. രണ്ടര അടി വരെ കുഴിച്ച് വജ്രങ്ങൾ കുഴിച്ചെടുക്കാമെന്ന് ഉത്തർപ്രദേശിലെ ചിത്രകൂടത്തിൽ നിന്നുള്ള ഹരിപ്രസാദ് പ്രജാപതി പറയുന്നു. മറ്റ് സൈറ്റുകളിൽ, ആളുകൾ മൈനിംഗ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അനുമതി വാങ്ങണം, എന്നാൽ ഇവിടെ അത് എല്ലാവർക്കും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരും വജ്രങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ ഭൂമിയിൽ ധാരാളമായി വിലപിടിപ്പുള്ള കല്ലുകളുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞുവെന്നും ഛത്തർപൂർ നിവാസിയായ റമിലൻ സിംഗ് പറയുന്നു. 

അതേസമയം, പുറത്തുനിന്ന് എത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. "വിശ്രംഗഞ്ച് എന്റെ ജന്മഗ്രാമമാണ്. വർഷങ്ങളോളം നമ്മൾ പ്രകൃതിയെ സംരക്ഷിച്ചെങ്കിലും ഇപ്പോൾ പുറത്തുള്ളവർ അതിനെ ചൂഷണം ചെയ്യുകയാണ്. അവർ മരങ്ങൾ പിഴുതുമാറ്റുന്നു.ഭരണകൂടം അവർക്കെതിരെ നടപടിയെടുക്കുകയും അവ തടയാൻ സംവിധാനം ഏർപ്പാടാക്കുകയും വേണം,” പ്രദേശവാസിയായ വിഷു ഗോണ്ട് പറഞ്ഞു. അണക്കെട്ട് നിർമിക്കാൻ ജലവിഭവ വകുപ്പിന് സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും പരാതി ലഭിക്കുന്നതുവരെ നടപടിയെടുക്കാനാകില്ലെന്നും പന്ന ഡയമണ്ട് ഓഫീസർ രവി പട്ടേൽ പറഞ്ഞു. കളക്ടറുമായി വിഷയം ചർച്ച ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും രവി പട്ടേൽ പറഞ്ഞു.

Read Also: കുറ്റവാളികളെ സംരക്ഷിക്കുന്നു; പാലം ദുരന്തത്തിൽ ​ഗുജറാത്ത് സർക്കാരിനെതിരെ ​ഗുരുതര ആരോപണം