എൻ ടി എ നടത്തുന്ന സർവകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജി, സാങ്കേതിക തകരാർ മൂലം വൈകി. നീറ്റ്, സിബിഎസ്ഇ ഫലം എന്നിവയിലെ പിഴവുകൾക്ക് പിന്നാലെയാണ് ഈ സംഭവം, ഇത് എൻടിഎയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ പ്രതിപക്ഷ വിമർശനം ശക്തമാക്കി
ദില്ലി: എൻ ടി എ നടത്തുന്ന സർവകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജിയുടെ തുടര്‍ പരീക്ഷയും സാങ്കേതിക തകരാറിൽ കുരുങ്ങി. നേരത്തെ നിശ്ചയിച്ച് നൽകിയിരുന്ന സമയത്ത് പരീക്ഷ തുടങ്ങാനായില്ല. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ടി സി എസിന്റെ ഭാഗത്തുണ്ടായ സാങ്കേതിക പ്രശ്നമാണ് കാരണമെന്ന് എൻ ടി എ വിശദീകരിച്ചു. നിലവിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും എൻ ടി എ വ്യക്തമാക്കി. പരീക്ഷ വൈകി തുടങ്ങിയ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ മുഴുവൻ സമയവും അനുവദിച്ചു. ഉച്ചയ്ക്കുള്ള സെഷന്റെ സമയം പുതുക്കി. പരീക്ഷ വൈകുന്നേരം 4:00 മണിക്കാണ് തുടങ്ങിയത്. നേരത്തെ ഇത് 3:00 മണിക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത്. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച, സി ബി എസ് ഇ പ്ലസ്ടു ഫലം എന്നിവയിലെ പിഴവിന് പിന്നാലെ ബിരുദ പ്രവേശന പരീക്ഷയിലും തിരിച്ചടി നേരിട്ടത് എൻ ടി എക്കെതിരായ വിമർശനത്തിന്‍റെ തോത് വർധിപ്പിച്ചിട്ടുണ്ട്.
വിമർശനം ശക്തം
നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച, സി ബി എസ് ഇ പ്ലസ്ടു ഫലം എന്നിവയിലെ പിഴവിന് പിന്നാലെ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജിയും സാങ്കേതിക പ്രശ്നങ്ങളും വിദ്യാർത്ഥികളെ വലിച്ചതോടെ കേന്ദ്രസർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തി. ദേശീയതലത്തിലെ പരീക്ഷകളെ തകിടം മറിയ്ക്കുകയാണ് മോദി സർക്കാർ എന്ന് പ്രതിപക്ഷം ആരോപിച്ചു. സാങ്കേതിക പ്രശ്നം കാരണം 3765 വിദ്യാർത്ഥികൾക്ക് സി യു ഇ ടി യു ജി പരീക്ഷ എഴുതാൻ കഴിഞ്ഞിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം എൻ ടി യുവും കേന്ദ്ര സർക്കാരും മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
