ദില്ലിയിലും മുംബൈയിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒമ്പത് പേരെ ദില്ലി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടി.  

ദില്ലി : ദില്ലിയിലും മുംബൈയിലും തന്ത്രപ്രധാനമേഖലകളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒമ്പത് പേരെ പിടികൂടി ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ. പാക് ചാരസംഘടനയുടെ സഹായത്തോടെ പ്രവർത്തിച്ച നേപ്പാളി പൗരൻ അടക്കമുള്ളവരെയാണ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിജയ് ഷൂട്ടർ എന്ന ഗുണ്ടയുടെ അറസ്റ്റോടെയാണ് രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലേക്ക് പൊലീസ് എത്തിയത്.ഇയാളെ ചോദ്യം ചെയ്തതതോടെയാണ് ഐഎസ്ഐ സഹായത്തോടെ പ്രവർത്തിക്കുന്ന ഭീകരസംഘം തന്ത്രപ്രധാനമേഖലകളെയും സൈനിക ഉദ്യോഗസ്ഥരെയും അടക്കം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. വിവിധസംസ്ഥാനങ്ങളിലായി പ്രവർത്തിച്ചിരുന്ന ഈ സംഘത്തിലേക്ക് പൊലീസ് അന്വേഷണം നീണ്ടു. സംഘത്തിലുള്ള നൗകീൻ ഷെയ്ഖ്, അബ്ബാസ് ഖാൻ എന്നിവരെ മുംബൈയിൽനിന്ന് പിടികൂടി. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹർവീന്ദർ സിങ്ങ്, മൻജീത് സിങ്ങ്,ഗഗൻദീപ് സിങ്ങ് എന്നിവരിലേക്ക് സെപ്ഷ്യൽ സെൽ എത്തിയത്, പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച ഇവരെ ഏറ്റുമുട്ടലിനൊടുവിൽ ദില്ലിയിലെ ഛത്രപൂരിൽ നിന്ന് പിടികൂടി.ഇവരുടെ കൂട്ടാളി കാമി ലാമാ എന്ന നേപ്പാൾ സ്വദേശിയെയും അറസ്റ്റ് ചെയ്തു. ഹാൻഡ് ഗ്രനേഡുകളും തോക്കുകളും അടക്കം ആയുധങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു.പാക് ഓർഡനൻസ് ഫാക്ടറിയിൽ നിർമ്മിച്ച ഗ്രേനേഡ് അടക്കമാണ് പിടികൂടിയത്. ഡ്രോൺ ഉപയോഗിച്ച് ഇന്ത്യൻ അതിർത്തി പ്രദേശത്ത് എത്തിച്ച ആയുധങ്ങളാണ് ഭീകരരുടെ കൈവശമുണ്ടായിരുന്നത്.

കണ്ടെത്തിയസ്ഫോടകവസ്തുക്കൾ എൻഎസ്ജിയുടെ സഹായത്തോടെ നിർവീര്യമാക്കി. അന്വേഷണത്തിൽ മുന്നാ ജിൻദ്രാൻവാല എന്ന അധോലോക നേതാവിനും നീക്കത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി.പാക് ചാര സംഘടനായ ഐഎസ്ഐ ഇന്ത്യയിലെ അധോലോക സംഘത്തെ ഉപയോഗിച്ച് സ്ഫോടനങ്ങൾ ലക്ഷ്യമിടുന്നതായി നേരത്തെ സൂചന കിട്ടിയിരുന്നു. ബാങ്കോക്ക്, നേപ്പാൾ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് ഈ സംഘത്തിന്റെ ബന്ധം നീളുന്നത്. സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് സെപ്ഷ്യൽ സെൽ.