ഇന്‍ഡോര്‍: കൊറോണ വൈറസ് കനത്ത തിരിച്ചടി സമ്മാനിച്ച മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ റോഡില്‍ നോട്ടുകള്‍ അലക്ഷ്യമായി വിതറിയ നിലയില്‍ കണ്ടെത്തി. 6,480 രൂപ- 20, 50, 100, 500 നോട്ടുകളായി റോഡില്‍ അവിടവിടെയായി കണ്ടെത്തുകയാണുണ്ടായത്. 

രാജ്യത്ത് തന്നെ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലമാണ് ഇന്‍ഡോര്‍. 554 കൊവിഡ് ബാധിതരും 37 മരണവുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്‍ഡോര്‍ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

Also Read:- കൊറോണ പകരുമെന്ന് ഭയം; നോട്ടുകൾ സോപ്പുവെള്ളത്തിൽ കഴുകി ഉണക്കി ​ഗ്രാമീണർ...

ഈ സാഹചര്യത്തില്‍ ഉപേക്ഷിച്ച നിലയില്‍ നോട്ടുകള്‍ കണ്ടെത്തിയത് നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഇവര്‍ തന്നെയാണ് ഇക്കാര്യം പൊലീസില്‍ വിളിച്ചറിയിച്ചത്. പൊലീസെത്തിയ ശേഷം നോട്ടുകള്‍ സാനിറ്റൈസ് ചെയ്ത ശേഷം സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ആരുടെയെങ്കിലും കയ്യില്‍ നിന്ന് അബദ്ധവശാല്‍ വീണുപോയ നോട്ടുകളാണോ അതോ മനപ്പൂര്‍വ്വം ആരെങ്കിലും ഉപേക്ഷിതാണോ എന്നതാണ് പൊലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്. ഇതിനായി സമീപത്തുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും ഇവര്‍ ശേഖരിച്ചുവരികയാണ്.

Also Read:- കറൻസി നോട്ടുകൾ കൈമാറുന്നത് വഴി കൊറോണ വൈറസ് പകരുമോ...?

നേരത്തേ കറന്‍സി കൈമാറ്റം ചെയ്യുന്നതിലൂടെ കൊവിഡ് 19 രോഗം പകരാനിടയുണ്ട് എന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്ന രീതി കുറച്ച് മിക്കവരും ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് കൂട്ടമായി മാറുകയും ചെയ്തിരുന്നു. ഇത്തരമൊരു ഭീഷണി നിലനില്‍ക്കേയാണ് കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടായ ഇന്‍ഡോറില്‍ പൊതുനിരത്തില്‍ നോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്.