തിരുവനന്തപുരം:  കേരളത്തിലെ കസ്റ്റഡി മരണങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് 1976ല്‍ ആണ്. കോഴിക്കോട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന പി.രാജന്‍ വാര്യരെ 1976 മാര്‍ച്ച് 1ന് പൊലീസ് അറസ്റ്റ് ചെയ്തു. രാജനെ പിന്നീട് പൊലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് ആരോപണം. രാജന്‍റെ മൃതദേഹം പോലും കിട്ടിയിട്ടില്ല. അന്ന് രാജന്‍റെ തിരോധാനത്തിന്‍റെ പേരില്‍ മുഖ്യമന്ത്രി കെ.കരുണാകരന് സ്ഥാനമൊഴിയേണ്ടി വന്നതും ചരിത്രം. 

ഗോപി (1987)

ഇ.കെ.നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണ് ചേര്‍ത്തല സ്വദേശി ഗോപി പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. അച്ഛന്‍ തങ്കപ്പന്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം കുറ്റക്കാരായ പൊലീസുകാര്‍ ശിക്ഷിക്കപ്പെട്ടു.

ഉദയകുമാര്‍  (2005)

2005 സെപ്തംബര്‍ 27നാണ് തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയത്. 2018 ജൂലൈയില്‍ ആദ്യ രണ്ടു പ്രതികളായ പോലീസുകാര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു.

രാജേന്ദ്രന്‍ (2005)

2005 ഏപ്രില്‍ 6നാണ്  രാജേന്ദ്രന്‍ കൊല്ലം ഈസ്റ്റ് വളപ്പിലെ പോലീസ് മ്യൂസിയത്തില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദനമേറ്റു മരിച്ചത്. മോഷ്ടാവെന്ന് ആരോപിച്ചായിരുന്നു  പൊലീസ് രാജേന്ദ്രനെ കസ്റ്റഡിലെടുത്തത്. 2014 നവംബര്‍ 28-ന് പ്രതികളായ രണ്ടു പൊലീസുകാരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.  

സമ്പത്ത് (2010)

 2010 മാര്‍ച്ച് 29-ന് പാലക്കാട് സ്വദേശി സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. പാലക്കാട് പുത്തൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന സമ്പത്തിന്‍റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിച്ചതോടെ പോലീസുദ്യോഗസ്ഥര്‍ അറസ്റ്റിലായി.   

 ശ്രീജിവ് (2014)

 2014 മേയ് 19-ന് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. 21-ന് ശ്രീജിവ് മരിച്ചു. കേസിപ്പോള്‍ സി.ബി.ഐ അന്വേഷിക്കുന്നു.


പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ളഎല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രം ആറ് കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2016 മെയ് 25നാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്.


അബ്ദുള്‍ ലത്തീഫ് (2016)

ടയര്‍ മോഷണ പരാതിയില്‍ വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ അബ്ദുള്‍ ലത്തീഫിനെ സ്റ്റേഷനിലെ ശുചിമുറിയില്‍  മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കാളിമുത്തു (2016)

മോഷണക്കേസില്‍ തലശേരി പോലീസ് കസ്റ്റഡിയിലെടുത്ത കാളിമുത്തുവിനെ രണ്ടുദിവസത്തിനുശേഷം ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാര്‍ക്കു കൈമാറും മുമ്പ് നാട്ടുകാര്‍ മര്‍ദ്ദിച്ചതാണ് മരണ കാരണമെന്നായിരുന്നു പോലീസ് നിലപാട്.

രാജു (2017)

ചാരുമൂട്ടില്‍ മോഷണക്കേസില്‍ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്ത രാജു സ്റ്റേഷനിലേക്കു കൊണ്ടുപോകുമ്പോള്‍ പോലീസ് ജീപ്പില്‍ നിന്ന് ചാടി മരിച്ചു.

ശ്രീജിത്ത് (2018)

2018 ഏപ്രിലിലാണ് വരാപ്പുഴ സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റ‍ഡിയില്‍ കൊല്ലപ്പെട്ടത്.  

നവാസ് (2019)

മദ്യപിച്ച് ബഹളം വച്ചതിന് കോട്ടയം മണര്‍കാട് പോലീസ് കസ്റ്റഡിയിലെടുത്ത നവാസ് ലോക്കപ്പില്‍ മരിച്ച  സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്പെന്‍ഡു ചെയ്തിരുന്നു. 

രാജ്‍കുമാര്‍ (2019)

പണം തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്‍കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു.