ബാടിക് എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്റെ ബാഗ് കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് അസ്വഭാവികമായ എന്തോ ചിലത് അതിനുള്ളിലുണ്ടെന്ന സംശയം തോന്നിയത്.
തിരുച്ചിറപ്പള്ളി: കള്ളക്കടത്ത് സാധനങ്ങളുമായി എത്തുന്ന യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ പിടിക്കപ്പെടുന്നത് പതിവുള്ള കാര്യമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ച ഒരു 'കള്ളക്കടത്ത്' ആയിരുന്നു തമിഴ്‍നാട്ടിലെ ഒരു വിമാനത്താവളത്തില്‍ നടന്നത്. 47 പാമ്പുകളും രണ്ട് പല്ലികളുമായി വിമാനത്തില്‍ വന്നിറങ്ങിയ യുവാവിനെ കസ്റ്റംസ് പിടികൂടി. ഞായറാഴ്ച തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. മലേഷ്യയിലെ ക്വലാലമ്പൂരില്‍ നിന്നെത്തിയ മുഹമ്മദ് മൊയ്തീന്‍ എന്ന യാത്രക്കാരനാണ് പരിശോധനയില്‍ കുടുങ്ങിയത്.
ബാടിക് എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്റെ ബാഗ് കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് അസ്വഭാവികമായ എന്തോ ചിലത് അതിനുള്ളിലുണ്ടെന്ന സംശയം തോന്നിയത്. ഇതോടെ ഉദ്യോഗസ്ഥര്‍ ബാഗ് തുറന്ന് പരിശോധിച്ചു. പാമ്പുകളും മറ്റ് ജീവികളുമാണ് ബാഗിലുണ്ടായിരുന്നത്. ദ്വാരങ്ങളുള്ള നിരവധി പെട്ടികളിലായി ഇവയെ അടച്ചു സൂക്ഷിച്ച് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി. പരിശോധിച്ചപ്പോള്‍ ആകെ 47 പാമ്പുകളും രണ്ട് പല്ലികളും ഉണ്ടെന്ന് കണ്ടെത്തി. ചട്ടങ്ങള്‍ പ്രകാരം ഇവയെ മലേഷ്യയിലേക്ക് തന്നെ തിരികെ അയക്കാനുള്ള നടപടികള്‍ വനം വകുപ്പ് അധികൃതര്‍ തുടങ്ങി. മുഹമ്മദ് മൊയ്തീനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം തുടരുന്നു.
