തെലങ്കാനയിലെ മഞ്ചേരിയൽ ജന്നാരത്തിൽ സൈബർ സാമ്പത്തിക തട്ടിപ്പ് സംഘം പിടിയിലായി. സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണി കോളുകൾ ചെയ്തിരുന്ന സംഘത്തിൽ നിന്ന് 5 സിം ബോക്സ് ഡിവൈസും 230 ൽ അധികം അനധികൃത സിം കാർഡുകളും പിടിച്ചെടുത്തു.
ഹൈദരാബാദ്: തെലങ്കാനയിലെ മഞ്ചേരിയൽ ജന്നാരത്തിലെ സൈബർ സാമ്പത്തിക തട്ടിപ്പ് സംഘത്തെ പിടികൂടി. തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ (TGCSB), ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT), രാമഗുണ്ടം കമ്മീഷണറേറ്റ് പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തു. 5 സിം ബോക്സ് ഡിവൈസും 230 ൽ അധികം അനധികൃത സിം കാർഡുകളും സംഘം പിടിച്ചെടുത്തു.
സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യക്തികളിൽ നിന്ന് ഭീഷണി കോളുകൾ ലഭിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് ഡിഒടിയുടെ അന്വേഷണത്തിൽ ഒന്നിലധികം ഐഎംഇഐകളും ഒരു സിം ബോക്സ് ഡിവൈസും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് ജന്നാരത്തുള്ള വാടക വീട്ടിൽ നിന്ന് പ്രതികളെ കണ്ടെടുക്കുകയായിരുന്നു.
ജൂലൈ 29 ന് നടത്തിയ റെയ്ഡിൽ യാന്ദ്രപു കാമേഷ് (24), ബാവു ബാപ്പയ്യ (43), ബാവു മധുകർ (32), ഗോട്‌ല രാജേശ്വർ (40) എന്നിവരെ അറസ്റ്റ് ചെയ്തു. 230 സിം കാർഡുകൾ കണ്ടെടുത്തതിൽ ജിയോ, എയർടെൽ, വിഐഐ എന്നീ കമ്പനികളുടേതാണ്. എച്ച്പി ലാപ്‌ടോപ്പ്, എയർടെൽ ഫൈബർ നെറ്റ് ഡിവൈസുകൾ, മറ്റ് നെറ്റ്‌വർക്കിംഗ് ഡിവൈസുകൾ എന്നിവയും കണ്ടെത്തി.
