Asianet News MalayalamAsianet News Malayalam

ന്യൂനമർദ്ദം ഉംപുൺ ചുഴലിക്കാറ്റായി മാറി; 48 മണിക്കൂറിൽ ഉഗ്രരൂപം പ്രാപിക്കും

അതിതീവ്ര ചുഴലിക്കാറ്റായി മാറിയാൽ ഇതിന്റെ വേഗത 200 കിലോമീറ്ററായിരിക്കും. ചൊവ്വാഴ്ച രാത്രിയോടെ ഇത് ഇന്ത്യൻ തീരത്തെത്തും. ഒഡീഷക്കും പശ്ചിമബംഗാളിനും ഇടയിൽ തീരം തൊടുമെന്നാണ് കരുതുന്നത്

Cyclone Amphan will get 200km speed in 48 hours
Author
Hyderabad, First Published May 16, 2020, 9:52 PM IST

ഹൈദരാബാദ്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി. ഉംപുൺ എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. 48 മണിക്കൂറിനുള്ളിൽ ഈ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥീ നിരീക്ഷണ വകുപ്പ് പറയുന്നത്.

അതിതീവ്ര ചുഴലിക്കാറ്റായി മാറിയാൽ ഇതിന്റെ വേഗത 200 കിലോമീറ്ററായിരിക്കും. ചൊവ്വാഴ്ച രാത്രിയോടെ ഇത് ഇന്ത്യൻ തീരത്തെത്തും. ഒഡീഷക്കും പശ്ചിമബംഗാളിനും ഇടയിൽ തീരം തൊടുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്ര പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്.  നിലവിൽ ചെന്നൈ തീരത്തിന് 700 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകൾക്ക് പുറമേ തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആയിരിക്കും. അതേസമയം, കേരള തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ലെന്ന് നിർദ്ദേശമുണ്ട്.

വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. 

Follow Us:
Download App:
  • android
  • ios