ഹമൂണ്‍ തീവ്രചുഴലിക്കാറ്റായി; ഏഴ് സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍
ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് കര തൊടും

ദില്ലി: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'ഹമൂൺ' ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ചുഴലിക്കാറ്റ് വടക്ക് - വടക്കു കിഴക്ക് ദിശയിലേക്ക് നീങ്ങുകയാണ്. ഈ ബുധനാഴ്ച (ഒക്ടോബര്‍ 25) ഉച്ചയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ ഖേപുപാറയ്ക്കും ചിറ്റഗോംഗിനുമിടയിൽ കര തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏഴ് സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷ, പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. മത്സ്യത്തൊഴിലാളികളോട് ഒക്ടോബർ 25 വരെ ബംഗാൾ ഉൾക്കടലിൽ പോകരുതെന്ന് നിര്‍ദേശം നല്‍കി. ഒഡീഷയുടെ കിഴക്ക്, പടിഞ്ഞാറൻ, വടക്ക് മേഖലകളിലും ബംഗ്ലാദേശ് തീരങ്ങളിലും മ്യാൻമറിന്‍റെ വടക്കൻ തീരങ്ങളിലും കടക്കരുതെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശം.
തേജ് ചുഴലിക്കാറ്റ് യെമനിൽ കരതൊട്ടു, ഒമാനിൽ കാറ്റും മഴയും തുടരും; ജാഗ്രതാ നിർദ്ദേശം
പുലര്‍ച്ചെ 3 മണിയോടെയാണ് 18 കിലോമീറ്റർ വേഗതയിൽ ഹമൂൺ ചുഴലിക്കാറ്റ് വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങിയത്. ചുഴലിക്കാറ്റ് ഇന്ന് രാവിലെ ആറ് മണിയോടെ ശക്തമായ ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ ഏജൻസിയുടെ ട്വീറ്റിൽ പറയുന്നു. മണിപ്പൂർ, മിസോറാം, തെക്കൻ അസം, മേഘാലയ എന്നിവിടങ്ങളിൽ ഇന്നും നാളെയും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഇന്ന് മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.
ഈ വർഷത്തെ നാലാമത്തെയും ബംഗാൾ ഉള്‍ക്കടലിലെ രണ്ടാമത്തെയും ചുഴലിക്കാറ്റ് ആണ് ഹമൂണ്‍. ഇറാനാണ് ആ പേര് നിര്‍ദേശിച്ചത്. 2018 ഒക്ടോബറില്‍ സംഭവിച്ചത് 2023 ഒക്ടോബറിലും ആവര്‍ത്തിച്ചിരിക്കുകയാണ്. അന്ന് ലുബാൻ, തിത്തലി എന്നിങ്ങനെ രണ്ട് ചുഴലിക്കാറ്റാണ് രൂപപ്പെട്ടത്. ഇപ്പോള്‍ അറബിക്കടലില്‍ തേജും ബംഗാള്‍ ഉള്‍ക്കടലില്‍ ഹമൂൺ ചുഴലിക്കാറ്റുമാണ് രൂപംകൊണ്ടത്.
തേജ് ചുഴലിക്കാറ്റ് യെമൻ അല് മഹ്റാ പ്രവിശ്യയിൽ കര തൊട്ടു. ഒമാനിലെ ദോഫാർ, അല് വുസ്ത പ്രവിശ്യകളിൽ കനത്ത മഴയും കാറ്റും തുടരും. തേജ് ചുഴലിക്കാറ്റ് കരതൊടുന്നത് കണക്കിലെടുത്ത് തയ്യാറായിരിക്കാൻ ഒമാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു.