രണ്ടുദിവസമായി പെയ്യുന്ന മഴയിൽ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ചെന്നൈ നഗരത്തിൽ വെള്ളമെത്തിക്കുന്ന ചെന്പാരക്കോണം അണക്കെട്ട് ബുധനാഴ്ച ഭാഗികമായി തുറന്നു.
ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം പുതുച്ചേരിയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ്. അടുത്ത മണിക്കൂറുകളിൽ കാറ്റ് പൂർണമായും കരയിലേക്ക് പ്രവേശിക്കും. ചെന്നൈയില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാകും കാറ്റ് വീശുക. മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കാമെന്നാണു മുന്നറിയിപ്പ്.
അതേസമയം, രണ്ടുദിവസമായി പെയ്യുന്ന മഴയിൽ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ചെന്നൈ നഗരത്തിൽ വെള്ളമെത്തിക്കുന്ന ചെന്പാരക്കോണം അണക്കെട്ട് ബുധനാഴ്ച ഭാഗികമായി തുറന്നു. നുങ്കന്പാക്കത്ത് 17 സെന്റിമീറ്ററും മീനന്പാക്കത്ത് 16 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. ചെന്നൈ നഗരത്തിലെ അപ്പാർട്ട്മെന്റുകൾക്കു മുന്നിൽ വെള്ളക്കെട്ടു രൂപപ്പെട്ടു.
നഗരത്തിന്റെ പലഭാഗങ്ങളിലും മരങ്ങൾ കടപുഴകി ഗതാഗതം തടസപ്പെട്ടു. മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ(എംടിസി) മാത്രമാണ് ബുധനാഴ്ച സർവീസ് നടത്തിയത്. സബർബൻ എമു ട്രെയിൻ സർവീസുൾപ്പെടെ ചെന്നൈയിലേക്കുള്ള സർവീസുകളെല്ലാം റദ്ദാക്കി. ചെന്നൈയിൽനിന്നും തിരിച്ചുമുള്ള 12 വിമാനസർവീസുകൾ അടിയന്തരമായി നിർത്തിവച്ചു.
കണ്ണൂർ, കോഴിക്കോട്, വിജയവാഡ, തിരുച്ചി, തൂത്തുക്കുടി, ബംഗളൂരു, മാംഗളൂരു, ഹൂബ്ലി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണിവ. മഴയെത്തുടർന്നു ചെന്നൈ വിമാനത്താവളം താത്കാലികമായി അടച്ചു. ചിദംബരം, കൂഡല്ലൂർ, കാരയ്ക്കൽ, നാഗപട്ടണം എന്നിവിടങ്ങളിലും രണ്ടുദിവസമായി കനത്തമഴയാണ്. ഇവിടങ്ങളിൽ ദുരന്തനിവാരണ സേനാംഗങ്ങളുടെ നേതൃത്വത്തിൽ പുനരധിവാസ ക്യാന്പുകളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിച്ചുവരികയാണ്. അഡയാർ നദിയുടെ കരകളിലുള്ളവരെയും മാറ്റിപ്പാർപ്പിച്ചു.
