Asianet News MalayalamAsianet News Malayalam

മുംബൈ തീരത്ത് മുങ്ങിയ ബാർജിൽ 28 മലയാളികൾ, 89 പേർക്കായി തെരച്ചിൽ, 184 പേരെ രക്ഷിച്ചു

നാവികസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ കപ്പലുകൾ രക്ഷപ്പെടുത്തിയവരെയും കൊണ്ട് തീരത്തേക്ക് വരുന്നുണ്ട്.

cyclone taute search ops continues at the sinking barge in mumbai coast
Author
Mumbai, First Published May 19, 2021, 10:31 AM IST

മുംബൈ: 'ടൗട്ടെ' ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ മുങ്ങിപ്പോയ പി - 305 എന്ന ബാർജിലുണ്ടായിരുന്ന 184 പേരെ ഇത് വരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു.  ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ കപ്പലുകൾ രക്ഷപ്പെടുത്തിയവരെയും കൊണ്ട് തീരത്തേക്ക് വരികയാണെന്നും നാവികസേന ഔദ്യോഗികമായി ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഐഎൻഎസ് തേജ്, ഐഎൻസ് ബെത്‍വ, ഐഎൻഎസ് ബീസ് എന്നീ കപ്പലുകളും പി 8I, സീകിങ് ഹെലോസ് എന്നിവയും ചേർന്ന് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. 

273 പേരാണ് പി-305 എന്ന ബാർജിലുണ്ടായിരുന്നത് എന്നാണ് കണക്കുകൾ. ഇതിൽ 184 പേരെ രക്ഷപ്പെടുത്തി. ബാക്കി 89 പേർക്കായി തെരച്ചിൽ തുടരുകയാണ്. ഗാൽ കൺസ്ട്രക്ടർ എന്ന മറ്റൊരു ബാർജിലുണ്ടായിരുന്ന 137 പേരെയും നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. 

ബാർജിൽ ആകെയുണ്ടായിരുന്നത് 28 മലയാളികളാണെന്ന് ഞങ്ങളുടെ മുംബൈ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇതിലെത്ര പേരെ രക്ഷപ്പെടുത്തി എന്നതടക്കമുള്ള കണക്കുകൾ ഇനിയും ലഭ്യമാകേണ്ടതുണ്ട്. 

ഇന്നലെയാണ് മുംബൈ ഓഫ്‍ഷോർ ഡെവലെപ്മെന്‍റ് ഏരിയയിൽ മുംബൈ തീരത്ത് നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയുണ്ടായിരുന്ന, ഒഎൻജിസിയ്ക്കായി പ്രവർത്തിക്കുന്ന, പി - 305 എന്ന ബാർജ് കനത്ത കടൽക്ഷോഭത്തിൽ മുങ്ങിയത്. ചുഴലിക്കാറ്റിനോടൊപ്പം 4 മീറ്ററിലധികം ഉയർന്ന തിരകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഓയിൽ റിഗുകളിലൊന്നിൽ കുടുങ്ങിയ 101 പേരെയും താമസ സൗകര്യം ഒരുക്കാനുള്ള ബാർജുകളിലൊന്നിൽ കുടുങ്ങിയ 196 പേരെയും കരയിലേക്കെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.  

പുറത്തുവിട്ട ഹെൽപ് ലൈൻ നമ്പറുകൾ:

AFCONS Helpdesk and Support Team:
Karandeep Singh - +919987548113, 022-71987192
Prasun Goswami - 
8802062853

ONGC Helpline:
022-2627 4019
022-2627 4020
022-2627 4021

ഗുജറാത്തിൽ നാശം വിതച്ച് 'ടൗട്ടെ'

ഗുജറാത്തിൽ ആഞ്ഞടിച്ച 'ടൗട്ടെ' ചുഴലിക്കാറ്റിൽ 13 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 16,000-ത്തോളം ചെറുവീടുകൾക്ക് നാശനഷ്ടങ്ങളുണ്ടായെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. സൗരാഷ്ട്ര തീരത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴ പെയ്യാനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios