ലുധിയാന: സൗജന്യ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ദിവസക്കൂലിക്കാരനായ യുവാവ് ആത്മഹത്യ ചെയ്തു. ലുധിയാന രാജീവ്​ ഗാന്ധി കോളനിയിലെ അജിത്ത്​ കുമാർ(37) എന്നയാളാണ്​ വാടക വീട്ടിൽ തൂങ്ങി മരിച്ചത്​. ഭാര്യക്കും രണ്ട്​ കുട്ടികൾക്കും ഒപ്പമായിരുന്നു​ ഇയാളുടെ താമസം​. സൗജന്യ റേഷൻ നൽകാത്തതിനെ തുടർന്നാണ്​ ഭർത്താവ്​ ആത്മഹത്യ ചെയ്തതെന്ന്​ അജിത്ത്​ കുമാറി​​ന്റെ ഭാര്യ സവിതയും പറഞ്ഞു. 

ദിവസ വേതന തൊഴിലാളിയായ അജിത്തും കുടുംബവും അന്നന്ന് ലഭിക്കുന്ന പണം കൊണ്ടാണ് കഴിഞ്ഞു പോയിരുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അജിത്തിന് പണിക്കുപോകാന്‍ കഴിയാതായി. വീട്ടിൽ റേഷനില്ലാതായതോടെ കുടുബം പട്ടിണിയിലായി. കഴിഞ്ഞ കുറച്ചു ദിവസമായി റേഷൻ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അജിത്ത്​. 

കഴിഞ്ഞ രണ്ടാഴ്ചയായി അജിത്തിന് റേഷൻ ലഭിച്ചിട്ടില്ലെന്നും അതിനാൽ വിഷാദാവസ്ഥയിലാണെന്നും അയൽവാസികൾ പറഞ്ഞു. ശനിയാഴ്ച സഹായം തേടി പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ കുമാറിനെ അപമാനിച്ചുവെന്ന് അവർ പറയുന്നു.

അതേസമയം, സവിതയുടെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന്​ ഫോക്കൽ പോയിന്റ്​ പൊലീസ്​ വ്യക്തമാക്കി. അദ്ദേഹത്തിന്​ റേഷൻ നിഷേധിച്ചിട്ടില്ലെന്നും തൊഴിലില്ലാതായതോടെ വന്ന വിഷാദ​ത്തെ തുടർന്നാണ്​ അജിത്ത്​  ആത്മഹത്യ ചെയ്​തതെന്നും പൊലീസ്​ പറഞ്ഞു.