മെഗ്‍വാള്‍ സമുദായാംഗമായ വരന്‍ വിവാഹത്തിന് കുതിരപ്പുറത്ത് എത്തിയതാണ് രജ്‍പുത് സമുദായത്തില്‍പ്പെട്ട പ്രദേശവാസികളില്‍ ചിലരെ ചൊടിപ്പിച്ചത്.

ബിക്കാനര്‍ (രാജസ്ഥാന്‍): വിവാഹത്തിന് കുതിരപ്പുറത്ത് എത്തിയ ദലിത് വരന് മേല്‍ജാതിക്കാരുടെ ക്രൂരമര്‍ദ്ദനം. ബിക്കാനറിലെ നപസറിലാണ് ദലിത് യുവാവിന് മര്‍ദ്ദനമേറ്റത്. 

മെഗ്‍വാള്‍ സമുദായാംഗമായ വരന്‍ വിവാഹത്തിന് കുതിരപ്പുറത്ത് എത്തിയതാണ് രജ്‍പുത് സമുദായത്തില്‍പ്പെട്ട പ്രദേശവാസികളില്‍ ചിലരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ വരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തങ്ങളുടെ ഗ്രാമത്തില്‍ വിവാഹത്തിന് വരന്‍ കുതിരപ്പുറത്ത് എത്തുന്ന പതിവില്ലെന്നാണ് രജ്‍പുത് സമുദായക്കാര്‍ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 

മെഗ്‍വാള്‍ സമുദായത്തില്‍പ്പെട്ടവരെ മര്‍ദ്ദിച്ച മേല്‍ജാതിക്കാര്‍ വരന്‍റെയും കൂട്ടരുടെയും വാഹനവും നശിപ്പിച്ചു. എന്നാല്‍ വിവാഹം മെഗ്‍വാള്‍ ആചാരപ്രകാരമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വരന്‍റെ ബന്ധുക്കള്‍ നപസര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. 'ചടങ്ങിന് തടസ്സം നില്‍ക്കരുതെന്ന് രജ്‍പുത് സമുദായക്കാരോട് കേണപേക്ഷിച്ചതാണ്. കാലുപിടിക്കാന്‍ വരെ തയ്യാറായതുമാണ്. വിവാഹം ഞങ്ങളുടെ മതാചാരപ്രകാരമാണ് നടത്തിയത്. അതില്‍ ഇടപെടരുതെന്ന് പറഞ്ഞതാണ്'- വരന്‍റെ പിതാവ് പറഞ്ഞു. 

 ഇന്ത്യയില്‍ ദലിത് സമുദായത്തിന് നേര്‍ക്കുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. 2006-2016 കാലയളവില്‍ എസ് സി വിഭാഗത്തിന് നേര്‍ക്ക് അക്രമം നടത്തിയതിന് 422,779 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എസ് ടി വിഭാഗത്തിന് നേരെ 81,332 അക്രമക്കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.