Asianet News MalayalamAsianet News Malayalam

ബിരിയാണി വിൽപ്പനക്കാരനായ ദളിത് യുവാവിന് മൂന്നം​ഗ സംഘത്തിന്റെ ക്രൂരമർദ്ദനം

അക്രമിസംഘം ക്രൂരമായി തല്ലിച്ചതയ്ക്കുകയും ഒപ്പം ലോകേഷിനെ ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. 

dalit man trashed by a group of people over selling biryani in greater noida
Author
New Delhi, First Published Dec 15, 2019, 2:36 PM IST

ദില്ലി: ഉത്തർപ്രദേശിലെ ​ഗ്രേറ്റർ നോയിഡയിൽ ദളിത് യുവാവിനെ മൂന്നംഗ സംഘം ക്രൂരമർദ്ദനത്തിനിരയാക്കി. തങ്ങളുടെ സ്ഥലത്തെത്തി ബിരിയാണി വിറ്റെന്നാരോപിച്ചാണ് 43കാരനായ ലോകേഷിനെ സംഘം മര്‍ദ്ദിച്ചത്. ചുമരോട് ചേർത്ത് പിടിച്ച് ലോകേഷിന്റെ മുഖത്ത് അക്രമിസംഘം നിർത്താതെ ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദില്ലിയില്‍ നിന്നും 66 കിമി മാറി റാബുപുര എന്ന സ്ഥലത്തുവച്ച് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

അക്രമിസംഘം ക്രൂരമായി തല്ലിച്ചതയ്ക്കുകയും ഒപ്പം ലോകേഷിനെ ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. ലോകേഷിനെ ആക്രമിക്കുന്നത് കണ്ട് സഹപ്രവർത്തകർ‌ ഭയന്ന് പിൻമാറുന്നതും വീഡിയോയിൽ കാണാം. പ്രദേശത്ത് ബിരിയാണി വില്‍ക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് അക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ മൂന്നം​ഗസംഘത്തിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

"

ഇന്നലെയാണ് വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതെന്നും അപ്പോൾ തന്നെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഗ്രേറ്റര്‍ നോയിഡ എസ്പി രണ്‍വിജയ് സിംഗ് പറഞ്ഞതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മർദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി അദ്ദേഹത്തെ സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായും രണ്‍വിജയ് സിംഗ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ത്യക്കാരായ നമുക്ക് ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും നടിയുമായ ഊര്‍മ്മിള മതോണ്ഡ്കർ വീഡിയോ പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. 'ഭയപ്പെടുത്തുന്നത്, ഇന്ത്യക്കാരായ നമുക്ക് ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ഇത് നമ്മുടെ സംസ്കാരം അല്ല. ഇത് 'സബ്ക സാത്ത് സബ്ക വികാസ്' എന്ന ആശയത്തിന് വിരുദ്ധമാണ്, നടി ട്വീറ്റിൽ കുറിച്ചു. 


    

Follow Us:
Download App:
  • android
  • ios