ലഖ്നൗ: ജാതിയുടെ പേരിലുള്ള അപമാനങ്ങള്‍ സഹിക്കാനാവാതെ ഉത്തര്‍പ്രദേശില്‍ ദലിത് ഉദ്യോഗസ്ഥന്‍ അത്മഹത്യ ചെയ്തു. ലഖിംപൂര്‍ ഖേരി ജില്ലയിലെ ഗ്രാമവികസന ഉദ്യോഗസ്ഥനായ ത്രിവേന്ദ്ര കുമാര്‍ ഗൗതമാണ്  ബുധനാഴ്ച വീടിനുള്ളിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

വ്യാഴാഴ്ചയാണ് വാടകവീട്ടില്‍ നിന്നും ഉദ്യോഗസ്ഥന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കര്‍ഷക സമിതിയുടെ ജില്ലാ പ്രസിഡന്‍റും അയല്‍ ഗ്രാമത്തിലെ ഒരാളും ഉള്‍പ്പെടെയുള്ളവര്‍ തന്നെ ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ടെന്നും ഇത് സഹിക്കാനാവാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 

ഒരു പൊതുപരിപാടിയില്‍ ഉദ്യോഗസ്ഥനെ ജാതീയമായി അപമാനിക്കുന്നതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. റിസര്‍വേഷന്‍റെ പേരിലും ജാതിയുടെ പേരിലും പലതവണ സംഘടിതമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ഗൗതം ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തു.