കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്ത ദളിത് സ്ത്രീക്ക് ക്രൂരമർദ്ദനം, രണ്ട് പേർക്കെതിരെ കേസ്
ജാതിയെ ചൊല്ലിയുള്ള അക്രമമാണ് നടന്നതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ യുവതി വിശദമാക്കുന്നത്. കേസിൽ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ജസ്പുര പൊലീസ് സ്റ്റേഷൻ ഓഫീസറായ മോനി നിഷാദ് വിശദമാക്കുന്നത്.
ലക്നൌ: കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്തതിന് ദളിത് സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ ബാൻഡ ജില്ലയിലാണ് സംഭവം. ബാൻഡയിലെ കൃഷിയിടങ്ങളിൽ ദിവസവേതനത്തിന് തൊഴിലെടുത്തിരുന്ന സ്ത്രീയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. 36 വയസുള്ള സീതാ ദേവിയാണ് ആക്രമിക്കപ്പെട്ടത്. ജാതിയെ ചൊല്ലിയുള്ള അക്രമമാണ് നടന്നതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ യുവതി വിശദമാക്കുന്നത്. കേസിൽ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ജസ്പുര പൊലീസ് സ്റ്റേഷൻ ഓഫീസറായ മോനി നിഷാദ് വിശദമാക്കുന്നത്.
ബഡേ ലാലാ എന്ന് അറിയപ്പെടുന്ന രാജേന്ദ്ര സിംഗ്, മകൻ ജിതേന്ദ്ര പ്രതാപ് സിംഗ് എന്നിവരാണ് കേസിലെ കുറ്റാരോപിതർ. സിക്ഹുലാ ഗ്രാമവാസികളായ ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് വീഴ്ച വരുത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങളോട് പരാതിക്കാരി വിശദമാക്കിയിട്ടുള്ളത്. ഓഗസ്റ്റ് ആറിന് നടന്ന അക്രമത്തിൽ ശനിയാഴ്ചയാണ് പൊലീസ് എഫ്ഐആർ കേസ് രജിസ്റ്റർ ചെയ്തത്. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായതെന്ന് യുവതിയുടെ ഭർത്താവ് പുട്ടു ശങ്കറും അവകാശപ്പെടുന്നത്.
പൊലീസ് കൺട്രോൾ റൂമിൽ പരാതിപ്പെട്ടതിന് പിന്നാലെ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് ദമ്പതികൾ ആരോപിക്കുന്നത്. മനപൂർവ്വം മുറിവേൽപ്പിക്കുക, പ്രകോപനമില്ലാതെ മുറിവേൽപ്പിക്കൽ, ആക്രമിക്കൽ, എസ്സി- എസ് ടി വിഭാഗത്തിലുള്ളവർക്കെതിരായ അക്രമം അടക്കമുള്ള വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം