നേരത്തെ വിവാഹക്ഷണക്കത്ത് ചോര്‍ന്നതോടെ സമുദായത്തില്‍ നിന്നുള്ളവര്‍ വിവാഹത്തെ എതിര്‍ത്ത് രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു.

നാസിക്: വിവാഹത്തിന്റെ ക്ഷണക്കത്ത് ചോര്‍ന്നതോടെ ചിലര്‍ ഉയര്‍ത്തിയ ലൗ ജിഹാദ് ആരോപിച്ച് എതിര്‍പ്പും ഭീഷണിയും വകവയ്ക്കാതെ അവര്‍ വിവാഹിതരായി. വ്യാഴാഴ്ചയാണ് 28കാരിയായ യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ നടന്നത്. ഹിന്ദു, മുസ്ലീം ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്. നാസിക്കിലെ സ്വര്‍ണ്ണവ്യാപാരി പ്രസാദ് അദ്ഗവോന്‍കറിന്റെ മകള്‍ രസികയുടെയും അസിഫ് ഖാന്‍റെയും വിവാഹമാണ് നടന്നത്.

നേരത്തെ വിവാഹക്ഷണക്കത്ത് ചോര്‍ന്നതോടെ സമുദായത്തില്‍ നിന്നുള്ളവര്‍ വിവാഹത്തെ എതിര്‍ത്ത് രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു. ലൗ ജിഹാദാണ് നടക്കുന്നതെന്ന് ആരോപണമുയര്‍ന്നു. തുടര്‍ന്ന് വിവാഹ ചടങ്ങ് ഒഴിവാക്കിയെന്ന് അന്ന് വാര്‍ത്ത വന്നിരുന്നു. ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ വാര്‍ത്ത ചര്‍ച്ചയായതോടെ, വിവിധ സമൂഹ്യപ്രവര്‍ത്തകരും, സമൂഹത്തിലെ വിവിധ തുറയില്‍ നിന്നുള്ളവരും പിന്തുണയുമായി രംഗത്ത് എത്തി. സ്വതന്ത്ര്യ എംഎല്‍എ ബച്ചാച്ചു കണ്ഡു അടക്കമുള്ളവര്‍ വധുവിന്‍റെ കുടുംബത്തിന് പിന്തുണയുമായി രംഗത്ത് എത്തി. രസിക ഭിന്നശേഷിക്കാരിയാണ്. നിരവധി വിവാഹ ആലോചനകള്‍ വന്നെങ്കിലും നടന്നില്ല. ഈയടുത്താണ് രസികയും സഹപാഠിയുമായ ആസിഫ് ഖാനും വിവാഹക്കാര്യം മാതാപിതാക്കളോട് സംസാരിച്ചത്. തുടര്‍ന്ന് എല്ലാവരും വിവാഹത്തിന് സമ്മതിച്ചു ജൂലൈ 18ന് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താമെന്നും തീരുമാനിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

എന്നാല്‍ വിവാഹ ക്ഷണക്കത്ത് ചോര്‍ന്ന് വാട്‌സ് ആപ്പില്‍ പ്രചരിച്ചു. ഇതോടെ ലൗ ജിഹാദ് ആരോപണവുമായി ചിലര്‍ രംഗത്തെത്തി. നിരവധി പേര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് വിവാഹം റദ്ദാക്കാന്‍ സമുദായ നേതാക്കള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് വിവാഹം റദ്ദാക്കുന്നെന്ന് കുടുംബം അറിയിച്ചു. പിന്നീട് വിവാഹം കോടതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പിന്നീടാണ് വലിയ പിന്തുണ ലഭിച്ചതോടെ നാസിക്കിലെ ഒരു ഹോട്ടലില്‍ വച്ച് വിവാഹചടങ്ങുകള്‍ നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona